Kerala
നിപ്പാ: കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്‌കൂളുകള്‍ തിങ്കള്‍ മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും
വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
കോഴിക്കോട്| നിപ്പാ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കുറഞ്ഞ് വരുന്നതിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (25-9-2023)മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഈ ദിവസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പതിവുപോലെ എത്തിച്ചേരേണ്ടതാണ്.
വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്‌കൂള്‍ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ അധ്യയനം ഓണ്‍ലൈന്‍ ആയി തന്നെ തുടരേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.