Connect with us

National

ലുലു മാളിലെ നിസ്കാരം ഗൂഢാലോചന; സംശയം ബലപ്പെടുത്തി സിസിടിവി ദൃശ്യങ്ങൾ; അന്വേഷണം വഴിത്തിരിവിലേക്ക്

തിടുക്കത്തിൽ ഒരു സംഘം മാളിൽ പ്രവേശിക്കുന്നതും നിസ്കാരം മാത്രം നിർവഹിച്ച് ഉടൻ മടങ്ങുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തം. മാൾ അധികൃതർ സി സി ടി വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കെെമാറി

Published

|

Last Updated

ലക്നോ | ലക്നോവിലെ ലുലുമാളിൽ നടന്ന നിസ്കാരം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയത്തിന് ബലം നൽകി സിസിടിവി ദൃശ്യങ്ങൾ. വർഗീയ സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ കരുതിക്കൂട്ടി മാളിൽ എത്തി നിസ്കാരം നിർവഹിക്കുകയായിരുന്നുവെന്ന സംശയം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് മാളിലെ സിസിടിവി ദൃശ്യങ്ങളെന്ന് നാഷണൽ ഹെറാൾഡ് ഇന്ത്യ വെബ്സെെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മാൾ അധികൃതർ പോലീസിന് കെെമാറിയ സിസിടിവി ദൃശ്യങ്ങളിൽ എട്ട് പുരുഷന്മാർ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണാം. എന്നാൽ അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദർശിക്കാനോ എന്തെങ്കിലും ഉത്പന്നങ്ങൾ വാങ്ങുവാനോ ശ്രമിക്കുന്നില്ല.

വളരെ ധൃതിപിടിച്ചാണ് സംഘം മാളിൽ എത്തുന്നത്. എത്തിയ ഉടൻ തന്നെ അവർ ഇരിക്കാനും നമസ്കരിക്കാനും ഇടം തേടാൻ തുടങ്ങുന്നത് സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് നാഷണൽ ഹെറാൾഡ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ആദ്യം മാളിന്റെ ബേസ്മെൻറ് ഫ്ളോറിൽ ഇവർ നിസ്കരിക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് അനുവദിക്കുന്നില്ല. തുടർന്ന് സംഘം ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നു. അവിടെയും സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. പിന്നീട് താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് സംഘം പോയി. അവരിൽ ആറ് പേർ ഉടൻ തന്നെ നിസ്‌കരിക്കാൻ ഇരുന്നു. ബാക്കിയുള്ള രണ്ട് പേർ വീഡിയോ റെക്കോർഡുചെയ്യുന്നതിലും ഫോട്ടോ എടുക്കുന്നതിലും മുഴുകുന്നു.

നിസ്കാരം എങ്ങനെ നിർവഹിക്കണമെന്നതിനെ കുറിച്ച് പ്രാഥമിക അറിവ് പോലും ഇവർക്ക് ഇല്ലെന്ന് വീഡിയോ കണ്ടാൽ വ്യക്തമാകുമെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവയെ ഉദ്ധരിച്ച് വെബ്സെെറ്റ് റിപ്പോർട്ട് ചെയ്യുന്നു. സാധാരണ ഗതിയിൽ നിസ്കാരം പൂർത്തിയാക്കാൻ ഏഴ് മുതൽ എട്ട് മിനിറ്റ് വരെ എടുക്കുമ്പോൾ തിടുക്കത്തിൽ ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ അത് പൂർത്തിയാക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കൃത്യമായി പറഞ്ഞാൽ വെറും 18 സെക്കൻഡിനുള്ളിൽ സംഘം നിസ്കാരം പൂർത്തീകരിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

വടക്കേ ഇന്ത്യയിൽ നിന്ന് പടിഞ്ഞാറൻ ദിശയിലുള്ള കഅബയെ അഭിമുഖീകരിച്ചാണ് നിസ്കാരം നിർവഹിക്കേണ്ടത്. എന്നാൽ ഇവരിൽ ഒരാളുടെ മുഖം മറ്റൊരു ദിശയിലേക്കായിരുന്നുവെന്ന് ഗൂഢാലോചനയെക്കുറിച്ച് തുടക്കത്തിൽ തന്നെ ആശങ്ക പ്രകടിപ്പിച്ച ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ താഹിറ ഹസൻ പറയുന്നു.

തിടുക്കപ്പെട്ട് നിസ്‌കരിച്ച് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം സംഘം തിടുക്കത്തിൽ മാളിൽ നിന്ന് പുറത്തിറങ്ങിപോകുന്നതുൽ ദൃശ്യങ്ങളിലുണ്ട്. സംഘം മാൾ വിട്ടതിന് പിന്നാലെ തന്നെ നിസ്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്നെ ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ രംഗത്ത് വരികയും ചെയ്തു.

അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് കെെമാറിയിരിക്കുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ പോലീസ് വിശമായ അന്വേഷണം നടത്തുന്നുണ്ട്. നിസ്കരിച്ചവരെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

 

Latest