First Gear
മാഗ്‌നൈറ്റിന്റെ ചിറകിൽ നിസ്സാൻ; വിൽപ്പന 5 ലക്ഷം പിന്നിട്ടു
മാഗ്‌നൈറ്റ് രാജ്യത്ത് ലോഞ്ച് ചെയ്തതുമുതൽ നിസ്സാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ്.
മുംബൈ | ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം കാറുകളുടെ വിൽപ്പന എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ട് നിസ്സാൻ. 2010ൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച കമ്പനി ഇതുവരെ 5,13,241 യൂണിറ്റ് കാറാണ് വിറ്റഴിച്ചത്. മാഗ്‌നൈറ്റ് (Magnite) മോഡലിന്റെ ചിറകിലാണ് നിസ്സാൻ അഭിമാനകരമായ നേട്ടം പിന്നിട്ടത്. മാഗ്‌നൈറ്റ് രാജ്യത്ത് ലോഞ്ച് ചെയ്തതുമുതൽ നിസ്സാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ്.
അതേസമയം മറ്റ് മോഡലുകളുടെ വിൽപ്പനയിലും നിസ്സാന് കുതിപ്പുണ്ട്. കഴിഞ്ഞമാസം 9040 കാറുകളാണ് നിസ്സാൻ വിറ്റഴിച്ചത്. ഇതിൽ ആഭ്യന്തര വിൽപ്പന 2,342 യൂണിറ്റും കയറ്റുമതി 6,698 യൂണിറ്റുമാണ്. ഒക്‌ടോബറിൽ ആകെ വിൽപ്പന 5,570 യൂണിറ്റായിരുന്നു. 62 ശതമാനമാണ് വർദ്ധനവ്. കയറ്റുമതിയിലാണ് കമ്പനിക്ക് വൻ നേട്ടം. 2023 നവംബറിൽ ആകെ 2,081 കാറുകളാണ് കയറ്റുമതി ചെയ്‌തതെങ്കിൽ ഇക്കൊല്ലം 6698 ആയത് നിസ്സാന് നേട്ടമായി. 222 ശതമാനമാണ് വളർച്ച. ഇതിൽ ഭൂരിഭാഗവും മാഗ്‌നൈറ്റാണ്.
നിലവിൽ എക്സ്-ട്രെയിലിനൊപ്പം വിൽക്കുന്ന മാഗ്‌നൈറ്റ് എസ്‌യുവിക്ക് 6 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.
71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നിസാൻ മാഗ്‌നൈറ്റിന് കരുത്തേകുന്നത്. 98 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും നിർമാതാവ് വാഗ്ദാനം ചെയ്യുന്നു. ഈ യൂണിറ്റുകൾ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.