Connect with us

Ongoing News

പോരാളിയാണ് നിതേഷ്; ബാഡ്മിന്റണില്‍ മാത്രമല്ല, ജീവിതയാത്രയിലാകെ

പാരീസ് പാരാലിംപിക്‌സിലെ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ് എല്‍3യിലാണ് നിതേഷ് കുമാര്‍ ഇന്ത്യക്കായി കനകനേട്ടം കൊയ്തത്.

Published

|

Last Updated

പാരീസ് | പാരാലിംപിക് ഒളിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം നിതേഷ് കുമാറിന്റെ ജീവിത കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്. 2009ല്‍ ഉണ്ടായ ഒരു അപകടമാണ് നിതേഷിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്. കാലിന് ഗുരുതരമായി പരുക്കേറ്റ താരം മാസങ്ങളോളം ശയ്യാവലംബിയായി. എന്നാല്‍, ഇതില്‍ തളര്‍ന്നു പോകാതെ നിതേഷ് നിശ്ചയദാര്‍ഢ്യത്തോടെ തന്റെ പഠനം തുടര്‍ന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) എന്‍ട്രന്‍സ് പരീക്ഷക്കായി കഠിനാധ്വാനം നടത്തി. അതിന് ഫലമുണ്ടാവുകയും ചെയ്തു. 2013ല്‍ മാണ്ഡി ഐ ഐ ടിയില്‍ നിതേഷിന് പ്രവേശനം ലഭിച്ചു. പ്രശസ്തമായ സര്‍വകലാശാലയിലെ പഠനം മുന്നോട്ടു നീങ്ങുന്നതിനിടെ നിതേഷ് ബാഡ്മിന്റണില്‍ താത്പര്യം പ്രകടിപ്പിച്ചു. അത് പിന്നീടൊരു അഭിനിവേശമായി മാറി. 2016ലാണ് താരത്തിന്റെ പാരാ ബാഡ്മിന്റണ്‍ കരിയറിന് തുടക്കമാകുന്നത്. പാരാ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ടീമിന്റെ ഭാഗമായി മത്സരിക്കാന്‍ നിതേഷിന് അവസരം ലഭിച്ചു. 2017ല്‍ നിതേഷ് തന്റെ ആദ്യത്തെ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി. ഐറിഷ് പാരാ ബാഡ്മിന്റണ്‍ ഇന്റര്‍നാഷണലിലായിരുന്നു ഇത്. ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ഏഷ്യന്‍ പാരാ ഗെയിംസും ബി ഡബ്ല്യു എഫ് പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് സര്‍ക്യൂട്ടും ഉള്‍പ്പെടെ അനവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിതേഷ് ചാമ്പ്യനാവുകയും മെഡലുകള്‍ കൊയ്‌തെടുക്കുകയും ചെയ്തു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 2019ലും 2022ലും വെള്ളിയും 2024ല്‍ വെങ്കലവുമാണ് നിതേഷ് രാജ്യത്തിനായി നേടിയത്. ഏഷ്യന്‍ പാരാ ഗെയിംസില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി നാല് മെഡലുകളാണ് നിതേഷ് കരസ്ഥമാക്കിയിട്ടുള്ളത്.

നിതേഷിന്റെ നേട്ടങ്ങള്‍ കായിക മേഖലയില്‍ മാത്രം ഒതുങ്ങിയില്ല. ഐ ഐ ടി മാണ്ഡിയില്‍ നിന്നുള്ള ബിരുദധാരിയാണ് നിതേഷ്. ഹരിയാനയിലെ കായിക-യുവജന കാര്യ വകുപ്പില്‍ സീനിയര്‍ ബാഡ്മിന്റണ്‍ കോച്ചായും താരം പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യന്‍ കായിക പ്രതിഭകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും പകരുന്ന ഒ ജി ഒ എന്ന സംഘടന, ഹരിയാനയിലെ കര്‍ണാല്‍ ജില്ലക്കാരനായ താരത്തിന്റെ യാത്രക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.

പാരീസ് പാരാലിംപിക്‌സിലെ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ് എല്‍3യിലാണ് നിതേഷ് കുമാര്‍ കനകനേട്ടം കൊയ്തത്. മൂന്ന് ഗെയിമുകള്‍ നീണ്ട ആവേശപ്പോരില്‍ ഗ്രെയ്റ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെതെല്ലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-14, 18-21, 23-21. പാരീസ് പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഒമ്പതാം മെഡലായിരുന്നു ഇത്. രണ്ടാമത്തെ സ്വര്‍ണവും. ബാഡ്മിന്റണിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ എന്നതും നിതേഷിന്റെ നേട്ടത്തിന് തിളക്കമേകി.

 

Latest