NITI Aayog
നിതി ആയോഗ് യോഗം നാളെ; 'ഇന്ത്യാ' സഖ്യം മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല
കേന്ദ്ര ബജറ്റില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രിമാരെല്ലാം വിട്ടു നില്‍ക്കുന്നത്.
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനില്‍ക്കും. കേന്ദ്ര ബജറ്റില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രിമാരെല്ലാം വിട്ടു നില്‍ക്കുന്നതിന്റെ ഭാഗമായാണ് പിണറായിയും പങ്കെടുക്കാതിരിക്കുന്നത്. നാളെയാണ് യോഗം.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണു വിവരം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനു പിന്നാലെ പിണറായി വിജയനും ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും രംഗത്തെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. നേരത്തെ മമതാ ബാനര്‍ജി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഡല്‍ഹി യാത്ര മമത റദ്ദാക്കിയിരുന്നു.
ബജറ്റിനെതിരെ ഇന്ത്യ സഖ്യം പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബജറ്റിനെതിരെ പ്രധാന കവാടത്തിലും ഇരുസഭകളിലും ഇന്ത്യാ മുന്നണി പ്രതിഷേധമറിയിച്ചു.
മിഴ്‌നാടിന് ഒന്നുമില്ലാത്ത ബജറ്റാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കുറ്റപ്പെടുത്തി. ബജറ്റിനെതിരെ പിണറായി വിജയനും രംഗത്തെത്തി. ബജറ്റില്‍ കര്‍ണാടക സര്‍ക്കാരിനോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് സിദ്ധരാമയ്യയും കുറ്റപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ നികുതിയിനത്തില്‍ വരുമാനം നല്‍കുന്ന സംസ്ഥാനമായിട്ടും കര്‍ണാടകത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.