Kerala
കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി
കേരള ടൂറിസം വികസനത്തിന് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി |കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.റോഡ് വികസനത്തിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്‌ളോബല്‍ സമ്മിറ്റില്‍ ഓണ്‍ലൈനായി പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിലെ ചെങ്കോട്ട, തിരുനെല്‍വേലി, തെങ്കാശി എന്നിവിടങ്ങളുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയ്ക്ക് 38.6 കിലോമീറ്ററാണ് ദൂരം ഇതിന് 300കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂറിസമാണ് കേരളത്തിന്റെ ഹൃദയം.കേരളത്തില്‍ സമ്പന്നമായ ആയുര്‍വേദമടക്കമുള്ള മേഖലകളിലേക്ക് വിദേശത്ത് നിന്നടക്കം നിരവധിപേര്‍ എത്തുന്നുണ്ട്.ഈ സാധ്യത വിപുലീകരിക്കേണ്ടതുണ്ട്. കേരള ടൂറിസം വികസനത്തിന് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം കേരളത്തില്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.