National
ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാര്‍ ബിജെപിയിലേക്ക്
ബിഹാര്‍ മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും
പട്ന | അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും. ഇതോടെ ബി ജെ പിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. ബി ജെ പി നേതാവ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിമാരില്‍ ഒരാളാവുമെന്നും സൂചനകളുണ്ട്. ബിഹാറില്‍ നിയമസഭ പിരിച്ചു വിടില്ലെന്നും തെരഞ്ഞെടുപ്പ് നടത്തില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സത്യപ്രതിജ്ഞയുടെ ഭാഗമായി നിതീഷ് കുമാറിന്റെ ഞായറാഴ്ച വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. ജെ ഡി യുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും തമ്മിലുള്ള സഖ്യത്തില്‍ പിരിമുറുക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
സോഷ്യലിസ്റ്റ് ഐക്കണായ കര്‍പ്പൂരി താക്കൂറിന് ഭാരത് രത്ന പുരസ്‌കാരം നല്‍കാന്‍ കേന്ദ്രം തയ്യാറായത് നിതീഷ് കുമാറിന് വലിയ സന്തോഷമാണ് നല്‍കിയത്. കര്‍പ്പൂരി താക്കൂറിന്റെ നൂറാം ജന്മദിനത്തിന്റെ ഒരു ദിവസം മുമ്പാണ് ഭാരത രത്ന പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചത്. കര്‍പ്പൂരി താക്കൂറിന്റെ നൂറാം ജന്മദിനത്തില്‍ ജെ ഡി യു സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം കൊണ്ട് വരാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.
ആര്‍ ജെ ഡിയിലെ യാദവ് കുടുംബത്തെയും കോണ്‍ഗ്രസിലെ ഗാന്ധി കുടുംബത്തെയുമാണ് അദ്ദേഹം വിമര്‍ശിച്ചതെന്ന വാര്‍ത്തകള്‍ അന്ന് പുറത്തു വന്നിരുന്നു. എല്ലാ എം എല്‍ എ മാരോടും പട്‌നനയിലെത്താന്‍ ജെ ഡി യു ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും ജെ ഡി യു റദ്ദാക്കി. കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും അടിക്കടിയേല്‍ക്കുന്ന പ്രഹരം എങ്ങനെ മറികടക്കുമെന്ന ചര്‍ച്ചയും സജീവമാണ്.