National
നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ നിതീഷും നായിഡുവും കേന്ദ്രത്തെ ഉപദേശിക്കണം: എം കെ സ്റ്റാലിന്‍
നീറ്റ് പരീക്ഷയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം.
ചെന്നൈ | മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇക്കാര്യത്തില്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പരാമര്‍ശം. പ്രവേശന പരീക്ഷാ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യ ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസാക്കി.
നീറ്റ് പരീക്ഷയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. ഡിഎംകെയുടെ രാജ്യസഭാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് സമുച്ചയത്തിന്റെ സുരക്ഷയ്ക്കായി പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസിന് പകരം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഉള്‍പ്പെടുത്താനുള്ള നീക്കത്തേയും യോഗം അപലപിച്ചു. പാര്‍ലമെന്റിലെ നിലവിലെ അംഗങ്ങളെയും മുന്‍ അംഗങ്ങളെയും തിരിച്ചറിയാനും ഇടപെടാനും പിഎസ്എസിന് പരിശീലനം ലഭിച്ചിട്ടുണ്ട്. ചുമതല സിഐഎസ്എഫിന് കൈമാറുന്നത് നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഇത് സംബന്ധിച്ച് പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.പാര്‍ലമെന്റ് സമുച്ചയത്തില്‍ നിന്ന് മഹാത്മാഗാന്ധിയുടെയും ബി ആര്‍ അംബേദ്കറിന്റെയും പ്രതിമകള്‍ നീക്കം ചെയ്തതിനെ യോഗം അപലപിച്ചു. പ്രതിമകള്‍ അതേ സ്ഥലത്ത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.