Connect with us

articles

നിതീഷ് ഡ്രൈവിംഗ് സീറ്റിലേക്ക്

ഭരണപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയുടെ നേതാവില്‍ നിന്ന് പ്രതിപക്ഷ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയിലേക്കുള്ള മെയ്‌ക്കോവറിലാണ് ഇപ്പോള്‍ നിതീഷ്. ദിശയറിയാതെ അലയുന്ന പ്രതിപക്ഷ മുന്നണിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് നിതീഷ് എത്തിയത് പ്രതിപക്ഷ ക്യാമ്പിനും വലിയ ഊര്‍ജം നല്‍കിയിട്ടുണ്ട്.

Published

|

Last Updated

നിതീഷ് കുമാര്‍ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ടതും ആര്‍ ജെ ഡിയുമായി ചേര്‍ന്ന് ബിഹാറില്‍ പുതിയ സഖ്യ സര്‍ക്കാറുണ്ടാക്കിയതും പ്രതിപക്ഷ മുന്നണിയില്‍ വലിയ ഓളമുണ്ടാക്കിയ നീക്കമായിരുന്നു. എന്നാല്‍ നിതീഷിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും ഏത് സമയവും കാലുവാരുമെന്നും വിശ്വസിക്കുന്നവരാണ് ഏറെയും. അതുകൊണ്ട് നിതീഷിന്റെ വരവില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ രാഷ്ട്രീയ നിരീക്ഷകരും കുറവാണ്.

വാജ്പയ്-അഡ്വാനി കാലത്ത് സംഘ്പരിവാറിനോട് സഖ്യത്തിലാകുകയും മോദിയുടെ വരവോടെ ബി ജെ പിയോട് ഇടഞ്ഞ് പ്രതിപക്ഷത്താകുകയും പിന്നീട് ബി ജെ പി പാളയത്തില്‍ തന്നെ അഭയം കണ്ടെത്തുകയും ചെയ്ത ചരിത്രമാണ് നിതീഷിന്റേത്. എന്നാല്‍ ആ മേല്‍വിലാസത്തില്‍ നിന്ന് അതിവേഗം പുറത്തുകടക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയുടെ നേതാവില്‍ നിന്ന് പ്രതിപക്ഷ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയിലേക്കുള്ള മെയ്‌ക്കോവറിലാണ് ഇപ്പോള്‍ നിതീഷ്. ദിശയറിയാതെ അലയുന്ന പ്രതിപക്ഷ മുന്നണിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് നിതീഷ് എത്തിയത് പ്രതിപക്ഷ ക്യാമ്പിനും വലിയ ഊര്‍ജം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പ് സമയത്തും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പ് സമയത്തും പ്രതിപക്ഷ ഐക്യത്തിനായി മമത കിണഞ്ഞു പരിശ്രമിച്ചിട്ടും കിട്ടാത്ത സ്വീകാര്യത ഇപ്പോള്‍ നിതീഷിന് സ്വാഭാവികമായി തന്നെ വന്നു ചേരുന്നു എന്നിടത്താണ് നിതീഷ് എന്ന നേതാവിന്റെ അസാമാന്യമായ രാഷ്ട്രീയ മെയ് വഴക്കം പ്രതിപക്ഷ മുന്നണിക്ക് മുതല്‍കൂട്ടാകുന്നത്. ബിഹാറിനപ്പുറം ബി ജെ പിക്കെതിരെ ഒരു പാന്‍ ഇന്ത്യന്‍ മൂവ്‌മെന്റിന് വേണ്ടി നിതീഷ് ഇപ്പോള്‍ നന്നായി പണിയെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കളെ കാണാനും അവരുമായി ചര്‍ച്ചകള്‍ നടത്താനും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അദ്ദേഹം ഡല്‍ഹിയിലെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് പറക്കുന്നതിന് മുന്നേ തന്നെ ലാലുവിനെ വസതിയിലെത്തി കാണുകയും പ്ലാന്‍ വിശദീകരിക്കുകയും ചെയ്തു എന്നാണ് വാര്‍ത്തകള്‍.

എന്‍ ഡി എ സഖ്യം വിടുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ്സുമായി നിതീഷ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് നിതീഷ് ഈ വിഷയത്തില്‍ എത്രമാത്രം ഗൃഹപാഠം ചെയ്തിട്ടുണ്ട് എന്നതിന്റെ സാക്ഷ്യം കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയുമായും സി പി എം നേതാവ് സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, സി പി ഐ (എം എല്‍) നേതാവ് ദീപങ്കര്‍ ഭട്ടാചാര്യ, സമാജ് വാദി പാര്‍ട്ടി നേതാക്കളും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, എന്‍ സി പി നേതാവ് ശരദ് പവാര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐ എന്‍ എല്‍ ഡി മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ ഏറെ പ്രാധാന്യമുള്ള മറ്റൊരു കൂടിക്കാഴ്ച എച്ച് ഡി കുമാര സ്വാമിയുമായി നടത്തിയ ചര്‍ച്ചയായിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള യഥാര്‍ഥ ജനതാ പാര്‍ട്ടിയുടെ പിളര്‍ന്നുപോയ യൂനിറ്റുകള്‍ വീണ്ടും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയ തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍നടക്കുന്നുണ്ട്.ബിഹാറില്‍ ജെ ഡി യുവും ആര്‍ ജെ ഡിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചതിന് പിന്നാലെയാണ് ഇതിന് കൂടുതല്‍ സാധ്യതകള്‍ തുറന്നത്.

നിതീഷ് കുമാറുമായുള്ള തന്റെ കൂടിക്കാഴ്ച അതിലേക്കുള്ള പ്രാഥമിക ചുവടുവെപ്പാണെന്നും കുമാര സ്വാമി സമ്മതിക്കുന്നുണ്ട്. തന്റെ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനും മുന്‍ സോഷ്യലിസ്റ്റുമായിരുന്ന ശരദ് യാദവിനെയും ഡല്‍ഹിയില്‍ വെച്ച് നിതീഷ് കണ്ടിരുന്നു. നേരത്തേ ശരദ് യാദവിന്റെ ലോക് താന്ത്രിക് പാര്‍ട്ടി ആര്‍ ജെ ഡിയില്‍ ലയിച്ചിരുന്നു. “പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണ്. നിതീഷ് കുമാറിനേക്കാള്‍ മികച്ച മുഖം പ്രതിപക്ഷത്തിന് ഇല്ലെന്നും ശരദ് യാദവ് ചൊവ്വാഴ്ച പറഞ്ഞതായും വാര്‍ത്തയുണ്ട്. എന്നാല്‍ പ്രധാനമന്ത്രിപദം ലക്ഷ്യം വെച്ചാണ് നിതീഷിന്റെ നീക്കമെന്ന വാര്‍ത്തകളെ നിതീഷ് തന്നെ നിഷേധിക്കുന്നുണ്ട്. ആദ്യം വേണ്ടത് പ്രതിപക്ഷ ഐക്യമാണെന്ന വാദമാണ് നിതീഷ് ഉയര്‍ത്തുന്നത്. നരേന്ദ്ര മോദിക്കെതിരെ ഈ അടുത്ത കാലത്ത് ദേശീയ വിഷയങ്ങളിലടക്കം വലിയ പ്രതികരണങ്ങള്‍ നടത്തിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ആഴ്ച നിതീഷിന്റെ ക്ഷണപ്രകാരം പാട്‌നയില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. വിദേശത്തുള്ള സോണിയാ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ സോണിയയെ കാണാനും നിതീഷിന് പ്ലാനുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ നിതീഷ് ഉദ്ദവ് താക്കറെയും സന്ദര്‍ശിക്കുമെന്നും ദേശീയ മാധ്യമങ്ങളില്‍ റിപോര്‍ട്ടുകളുണ്ട്.

മുന്‍ ഉപ പ്രധാനമന്ത്രിയും ഐ എന്‍ എല്‍ ഡി നേതാവുമായിരുന്ന ചൗധരി ദേവിലാലിന്റെ ജന്മദിനത്തില്‍ ഹരിയാനയിലെ ഫതിയബാദില്‍ 25ന് സംഘടിപ്പിക്കുന്ന റാലി രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമമായി മാറാനിടയുണ്ട്. റാലിയില്‍ നിതീഷിനൊപ്പം മമതാ ബാനര്‍ജി, ശരദ് പവാര്‍, മുലായം സിംഗ്, അഖിലേഷ് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടെ പ്രമുഖര്‍ അണിനിരക്കും. ദേവിലാലിന്റെ മകനും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐ എന്‍ എല്‍ ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാലയാണ് റാലിയുടെ സംഘാടകന്‍.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളെയും റാലിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം പങ്കെടുത്താല്‍ ഒരുപക്ഷേ വരുന്ന തിരഞ്ഞെടുപ്പിന് മുന്നേയുള്ള പ്രതിപക്ഷ ഐക്യമുന്നണിയുടെ വലിയ കൂടിച്ചേരലായി ഈ റാലി മാറും. അതേസമയം ബി ജെ ഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് പ്രതിപക്ഷ മുന്നണിക്കൊപ്പം ചേരില്ലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റൂമറുകള്‍. കാരണം ഒഡീഷയില്‍ ഒറ്റക്ക് നില്‍ക്കാനുള്ള ജനപിന്തുണയും കരിഷ്മയും ഇപ്പോഴും അദ്ദേഹത്തിനുണ്ട്.

കോണ്‍ഗ്രസ്സുമായും ബി ജെ പിയുമായും തുല്യ അകലം പാലിക്കുന്നതാണ് നല്ലതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍.
പ്രധാനമന്ത്രി പദത്തിലേക്ക് നേരത്തേ തന്നെ കണ്ണുവെച്ച മമത നിതീഷിന്റെ ശ്രമങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും കഴിഞ്ഞ ദിവസത്തെ പ്രതികരണത്തോടെ അസ്ഥാനത്തായിരിക്കുകയാണ്. ഞാന്‍, നിതീഷ് കുമാര്‍, ഹേമന്ത് സോറന്‍, അഖിലേഷ് യാദവ് തുടങ്ങി നിരവധി പേര്‍ 2024ല്‍ ഒന്നിക്കും. ബി ജെ പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കും. നമ്മളെല്ലാം ഒരു വശത്തും ബി ജെ പി മറുവശത്തുമായിരിക്കും എന്നാണ് മമത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മറ്റേത് പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ബി ജെ പിക്കെതിരെ വീര്യം ചോരാതെ തുടര്‍ച്ചയായി യുദ്ധം ചെയ്യുന്ന നേതാവാണ് മമത. അതുകൊണ്ട് തന്നെ മമതയുടെ പ്രതികരണം പ്രതിപക്ഷ പ്രതീക്ഷകളെ നന്നായി ത്രസിപ്പിക്കുന്നുണ്ട്. ഝാര്‍ഖണ്ഡില്‍ ബി ജെ പി ലക്ഷ്യം വെച്ച അട്ടിമറി തകര്‍ത്തത് താനാണെന്നും മമത അവകാശപ്പെടുന്നുണ്ട്. ബംഗാളില്‍ വെച്ച് പണവുമായി പിടിക്കപ്പെട്ട കോണ്‍ഗ്രസ്സ് എം എല്‍ എമാരുടെ സംഭവം ചൂണ്ടിക്കാണിച്ചാണ് മമത ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഈ സംഭവത്തോടെ മമതയും ഹേമന്ത് സോറനും തമ്മില്‍ നല്ല ബന്ധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് വോട്ട് ചെയ്ത ഹേമന്ദ് സോറന്‍ ബി ജെ പി നടത്തിയ അട്ടിമറി ശ്രമത്തോടെ ഇനിയൊരിക്കലും അങ്ങനെയൊരു ഔദാര്യം ബി ജെ പിക്ക് നല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് മമത ഇത്രക്ക് ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്സ് തന്നെയാണ്. അടുത്ത തിരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനത്തിലും പാര്‍ലിമെന്റിലെ അംഗബലത്തിലും ഒക്കെ കോണ്‍ഗ്രസ്സ് തന്നെയാകും മുന്നിലുണ്ടാകുക. പക്ഷേ പാര്‍ട്ടിയെയോ മുന്നണിയെയോ നയിക്കാന്‍ മാത്രം കരിഷ്മയുള്ള ഒരു നേതാവ് കോണ്‍ഗ്രസ്സിനില്ല എന്നതാണ് വാസ്തവം. മുന്നണികളെ നന്നായി കൈകാര്യം ചെയ്തിരുന്ന സോണിയയുടെ പഴയ വിശ്വസ്തന്‍ അഹമ്മദ് പട്ടേലിന്റെ വിയോഗം നികത്താന്‍ ഇന്നും കോണ്‍ഗ്രസ്സിന് ഒരു പകരക്കാരനെ കണ്ടെത്താനായിട്ടില്ല. മറ്റു പാര്‍ട്ടികള്‍ക്കിടയില്‍ കൂടി സ്വീകാര്യനായിരുന്ന പാര്‍ട്ടിയുടെ ദേശീയ മുഖമായിരുന്ന ഗുലാംനബി ആസാദ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുകയും ചെയ്തു. ഈ ശൂന്യത പ്രതിപക്ഷ മുന്നണിയുടെ മുന്നോട്ടുള്ള യാത്രയില്‍ വലിയ വെല്ലുവിളി തന്നെയാകും. അതേസമയം ഈ ഐക്യമുന്നണിയില്‍ നിന്ന് കൊണ്ട് കോണ്‍ഗ്രസ്സ് ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അത് വലിയ ചരിത്രമായി മാറുകയും ചെയ്യും. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ ബി ജെ പിയുമായി കടുത്ത പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ മത്സരിക്കാതിരിക്കുകയോ ചെയ്താല്‍ തന്നെ ഭരണപക്ഷത്തിനെതിരെ ഇന്ത്യയില്‍ വലിയ മുന്നേറ്റം നടത്താന്‍ പ്രതിപക്ഷത്തിനാകും. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരാളെ മുന്നില്‍ നിര്‍ത്താതെ ഒരു പൊതുമിനിമം പരിപാടിയുമായി ഐക്യമുന്നണിയായി പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ മിഷന്‍ 2024 എന്ന നിതീഷിന്റെ സ്വപ്‌നം പൂവണിയുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്.

Latest