Kerala
ഞാവല്‍പ്പഴം വില്ലനായി; റോഡില്‍ തെന്നിവീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കാരപ്പറമ്പ് മെയ്ത്ര ഹോസ്പിറ്റല്‍- എടക്കാട് റോഡിലാണ് ഞാവല്‍മരം വില്ലനായത്

കോഴിക്കോട് | റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കാരപ്പറമ്പിലാണ് അപകടം പതിവായത്. റോഡിന് സമീപത്തെ മരത്തില്‍ നിന്ന് മഴ പെയ്തപ്പോള്‍ കൂട്ടത്തോടെ ഞാവല്‍പ്പഴം റോഡിലേക്ക് വീണിരുന്നു.
ഇതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ പഴത്തിന്റെ അവശിഷ്ടങ്ങള്‍ റോഡിലാകെ പരന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോയ ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ അപകടം ഒഴിവായി.
നിരന്തരം ബൈക്കുകള്‍ തെന്നിവീണിട്ടും ആദ്യം കാരണം മനസ്സിലായിരുന്നില്ല. കാരപ്പറമ്പ് മെയ്ത്ര ഹോസ്പിറ്റല്‍- എടക്കാട് റോഡിലാണ് ഞാവല്‍മരം വില്ലനായത്. ഞാവല്‍പഴം അഴുകിയതില്‍ മഴപെയ്തതോടെയാണ് ഇവിടെ വഴുക്കല്‍ ഉണ്ടായത്. തുടര്‍ന്ന് ഏഴോളം ബൈക്ക് യാത്രികര്‍ നിയന്ത്രണം വിട്ട് തുടരെത്തുടരെ വീണു.ഏതാനും പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിനു കാരണം മനസ്സിലാവാതെ പോലീസിനൊപ്പം ചേര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഞാവല്‍പ്പഴ വില്ലനെ കണ്ടെത്തിയത്.