Connect with us

Kerala

എന്‍ എം വിജയൻ്റെ മരണം: കോടതി ശനിയാഴ്ച വിധി പറയും

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ

Published

|

Last Updated

വയനാട് | ഡി സി സി ട്രഷറര്‍ എന്‍ എം വിജയൻ്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണൻ്റെയും എന്‍ ഡി അപ്പച്ചൻ്റെയും ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.

സംഭവത്തില്‍ എന്‍ ഡി അപ്പച്ചനും എന്‍ എം വിജയനും തമ്മിലുള്ള ഫോണ്‍ റെക്കോര്‍ഡ് പ്രോസിക്യൂഷന്‍ ഹാജരാക്കി. ബേങ്ക് നിയമനത്തില്‍ പണം വാങ്ങിയതിൻ്റെ തെളിവുണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇനി കിട്ടാനുള്ള ഇരുവരുടെയും ഫോണുകള്‍ മാത്രമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. വയനാട്ടിലെ പാര്‍ട്ടിക്ക് ലക്ഷങ്ങള്‍ സംഭാവന ലഭിച്ചിട്ടും വിജയൻ്റെ കടബാധ്യത തീര്‍ത്തില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് വിജയന്‍ പണം വാങ്ങിയത്. ബേങ്കില്‍ ആളുകള്‍ക്ക് ജോലി നല്‍കാന്‍ കഴിയാതെയായതോടെ വിജയന്‍ പ്രതിസന്ധിയായെന്ന് പോലീസിന് മൊഴി കിട്ടി. ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതും കത്തും തമ്മില്‍ വ്യത്യാസം ഇല്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഡിസംബര്‍ 25നാണ് ഡി സി സി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എന്‍ എം വിജയൻ്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോകുകയായിരുന്നു.

Latest