Kerala
എന്‍ എം വിജയന്റെ മരണം: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ലെന്ന് വിവരം
നേതാക്കളുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്.
കല്‍പ്പറ്റ| ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ലെന്ന് വിവരം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നിവര്‍ വയനാട് ജില്ലയില്‍ ഇല്ലെന്നാണ് വിവരം ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്.
എന്‍ഡി അപ്പച്ചന്‍ ഇന്നലെ തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണന്‍ തിരുവനന്തപുരത്താണെന്ന് എംഎല്‍എയുടെ ഓഫീസ് പറയുന്നു.
ഇന്നലെയാണ് എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. കെഎല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാപ്രേരണ കൂടി ഉള്‍പ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷന്‍ കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കി.
എന്‍എം വിജയന്‍ വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് വിജയന്‍ പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബേങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
നിയമനത്തിന് പണം വാങ്ങിയത് ഐസി ബാലകൃഷ്ണന്‍ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന രീതിയിലുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എന്‍എം വിജയന്‍ സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു.