Kerala
എന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന് കുരുക്ക് മുറുകുന്നു
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കല്‍പ്പറ്റ | വയനാട് ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എക്ക് കുരുക്ക് മുറുകുന്നു.
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കിയിരുന്നുവെന്ന് ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജ് വെളിപ്പെടുത്തി. കത്ത് കിട്ടിയെങ്കിലും സാമ്പത്തിക ഇടപാടുകള്‍ പിന്നില്‍ ഉണ്ടോയെന്ന് അറിയില്ലെന്നും 2021ല്‍ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി പറഞ്ഞു. എന്നാല്‍, ശുപാര്‍ശ പ്രകാരമല്ല നിയമനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ ശുപാര്‍ശ കത്ത് നല്‍കിയ കുടുംബവും പ്രതികരണവുമായി രംഗത്തെത്തി. റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും അര്‍ബന്‍ ബാങ്ക് ജോലി തരാന്‍ തയ്യാറായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ജോയിന്റ് രജിസ്ട്രാറുടെ അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും ബാങ്ക് ജോലി തന്നിരുന്നില്ല. ഇതോടെയാണ് ഐ സി ബാലകൃഷ്ണനെ സമീപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് ഐ സി ബാലകൃഷ്ണനെ സമീപിച്ചതെന്നും അവര്‍ വിശദമാക്കി.
എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ കര്‍ണാടകയിലേക്ക് കടന്ന ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എം എല്‍ എ. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐ സി ബാലകൃഷ്ണന്‍ എം എല്‍എ, ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, ഡി സി സി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു. ഐ സി ബാലകൃഷ്ണന്‍ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ഡി വൈ എഫ് ഐ വ്യക്തമാക്കിയിരിക്കുന്നത്.
എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ താന്‍ ഒളിവില്‍ പോയെന്ന വാര്‍ത്ത ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിഷേധിച്ചു. സ്വകാര്യ ആവശ്യത്തിനായി കര്‍ണാടകയില്‍ വന്നതാണ്. ഒട്ടും ഭയമില്ലെന്നും പിന്നില്‍ തന്റെ ജനകീയത കണ്ടുള്ള സി പി എമ്മിന്റെ നീക്കങ്ങളാണെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിനിടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സി പി എമ്മിന്റ നീക്കം. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പങ്കെടുപ്പിച്ച് പ്രതിഷേധ സംഗമം നടത്തുന്നതിന് പുറമെ മനുഷ്യച്ചങ്ങല അടക്കമുള്ളവയും ആലോചിക്കുന്നുണ്ട്.