Connect with us

From the print

എയിംസുമില്ല, ടൂറിസവുമില്ല; കേരളം ഔട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോഴാണ് ഈ അവഗണന

Published

|

Last Updated

തിരുവനന്തപുരം | മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കേരളം പൂർണമായും പുറത്ത്. കേരളം ഏറെ നാളായി കാത്തിരിക്കുന്ന എയിംസ് ഇത്തവണയുമില്ല. മികവ് തെളിയിച്ച ടൂറിസത്തിനും പരിഗണന ലഭിച്ചില്ല. ആന്ധ്രാപ്രദേശിനും ബിഹാറിനും കൈ നിറയെ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴാണ് ബജറ്റിൽ കേരളം പരാമർശിക്കപ്പെടാതെ പോയത്. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ ഇടംപിടിച്ചതോടെ ഇത്തവണ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പതിവ് അവഗണനക്ക് മാറ്റമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോഴാണ് ഈ അവഗണന.
സംസ്ഥാനത്തിനായി പ്രത്യേകിച്ച് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല. അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികൾ കേരളത്തിനില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല. ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികൾ, വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനം, റെയിൽവേ വികസനം, സിൽവർ ലൈൻ തുടങ്ങിയ പ്രതീക്ഷകളുമുണ്ടായിരുന്നു. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റിൽ അവഗണിച്ചു. പ്രളയ ദുരിതാശ്വാസ പദ്ധതികളിൽ പോലും കേരളം ഇടംപിടിച്ചില്ല.

ടൂറിസം മേഖലയിൽ മികവ് തെളിയിച്ച കേരളം കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. കേരളത്തിൽ നിന്ന് ലോക്‌സഭയിലെത്തിയ ബി ജെ പിയുടെഏക അംഗം സുരേഷ് ഗോപി ടൂറിസം സഹമന്ത്രിയാണെന്നത് കേരളത്തിന്റെ പ്രതീക്ഷക്ക് ആക്കം കൂട്ടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമുഖത്തിൽ വാചാലനായിരുന്നു. എന്നാൽ, ബജറ്റിൽ ടൂറിസത്തെ കുറിച്ച് വിശദീകരിക്കവെ ധനമന്ത്രി കേരളത്തെ പരാമർശിച്ചില്ല. ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള തീർഥാടന ടൂറിസത്തിന് പ്രധാന്യം നൽകുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്.

കേരളത്തെ എഴുതിത്തള്ളിയ കേന്ദ്ര നടപടിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം രംഗത്തെത്തി. ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള ഇടത് എം പിമാർ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest