Connect with us

Kerala

ഭരണ വിരുദ്ധ വികാരമില്ല, ചേലക്കരയിലേത് ഉജ്ജ്വല വിജയം, വര്‍ഗീയതക്കെതിരായ വോട്ട് ഇടതിന് ലഭിച്ചു: മുഖ്യമന്ത്രി

കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ജനം മുഖവിലയ്‌ക്കെടുത്തില്ല. പാലക്കാട്ട് മുന്‍ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എല്‍ ഡി എഫിനൊപ്പം അണിനിരന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുന്നതാണ് ചേലക്കരയിലെ തിളക്കമാര്‍ന്ന ഇടത് വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണയെയും അംഗീകാരത്തെയും കൂടുതല്‍ ദൃഢപ്പെടുത്തുന്നതാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലം. കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ജനം മുഖവിലയ്‌ക്കെടുത്തില്ലെന്നും പാലക്കാട്ട് വര്‍ഗീയതക്കെതിരായ വോട്ടുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട്ട് മുന്‍ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എല്‍ ഡി എഫിനൊപ്പം അണിനിരന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇനിയുള്ള നാളുകളില്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ ഊര്‍ജം നല്‍കുന്നതാണ് ഉപ തിരഞ്ഞെടുപ്പിലെ ജനവിധി. വര്‍ഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഒരു സന്ദേശം.

വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞെങ്കിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ മുമ്പത്തേതിനേക്കാള്‍ കൂടിയെന്നത് കാണണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ചത് ചൂണ്ടിക്കാട്ടി ബി ജെ പി മുഴക്കിയ അവകാശവാദങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിച്ചു. താത്ക്കാലിക നേട്ടങ്ങളല്ലാതെ കേരളത്തില്‍ ശാശ്വതമായ ചലനമെന്തെങ്കിലും ഉണ്ടാക്കാന്‍ ബി ജെ പിക്ക് സാധിക്കില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ, നിയമസഭാ, ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പുകളിലെ വിജയികളെ അനുമോദിക്കാന്‍ മുഖ്യമന്ത്രി മറന്നില്ല. ഇടതുപക്ഷത്തിന് വോട്ടുചെയ്ത മുഴുവന്‍ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest