From the print
അറസ്റ്റില്ല; പുടിന് മംഗോളിയയിൽ വരവേൽപ്പ്
സന്ദർശനം ഐ സി സിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനിടെ

ഉലാൻബാറ്റർ | അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനിടെ, റഷ്യൻ പ്രസിഡന്റ്‌വ്ലാദിമിർ പുടിന്റെ മംഗോളിയൻ സന്ദർശനത്തിനു തുടക്കമായി.
തലസ്ഥാനമായ ഉലാൻബാറ്ററിൽ മംഗോളിയൻ പ്രസിഡന്റ്ഉഖ്ന ഖുറേൽസുഖുമായുള്ള കൂടിക്കാഴ്ചക്കെത്തിയ പുടിനെ ഔദ്യോഗിക സൈനിക ബഹുമതികളോടെ സ്വീകരിച്ചു. തലസ്ഥാനത്തെ സെൻട്രൽ ചെങ്കിസ് ഖാൻ ചത്വരത്തിൽ മംഗോളിയയുടെയും റഷ്യയുടെയും കൂറ്റൻ പതാകകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഐ സി സി വാറണ്ട് പ്രകാരം പുടിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മംഗോളിയ തള്ളിക്കളഞ്ഞു. യുക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് കടത്തുന്നതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ വർഷമാണ് പുടിനെതിരെ ഐ സി സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ ഭാഗമായ മംഗോളിയക്ക് ഈ വാറണ്ട് പ്രകാരം പുടിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. പക്ഷേ, റഷ്യൻ നേതാവിന് ഊഷ്മളമായ സ്വീകരണമാണ് ഉലാൻബാറ്ററിൽ ലഭിച്ചത്. പുടിന്റെ അഞ്ച് വർഷത്തിനിടെയുള്ള ആദ്യ മംഗോളിയൻ സന്ദർശനം കൂടിയായിരുന്നു ഇത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷം അദ്ദേഹം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുമില്ല.
പുടിനെ അറസ്റ്റ് ചെയ്ത് ഹേഗിലെ ഐ സി സി കോടതിയിൽ ഹാജരാക്കണമെന്ന് മംഗോളിയയോട് യുക്രൈൻ ആവശ്യപ്പെട്ടു. “യുദ്ധക്കുറ്റവാളിയായ പുടിനെ മംഗോളിയയിൽ നിന്ന് പുറത്താക്കുക’ എന്നെഴുതിയ ബാനറുകളുമായി മംഗോളിയയിൽ ചെറിയ തോതിൽ പ്രതിഷേധം അരങ്ങേറി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ അന്താരാഷ്ട്ര കോടതിയിലെ അംഗ രാജ്യങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ, ഈ വാറണ്ട് പ്രകാരമുള്ള അറസ്റ്റ് ഉറപ്പാക്കാനുള്ള സംവിധാനം ഐ സി സിക്കില്ല.