Connect with us

Kerala

പ്രേക്ഷകരില്ല; 'ദി കേരള സ്റ്റോറി' പ്രദര്‍ശനം റദ്ദാക്കി തിയേറ്ററുകള്‍

കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു.തുടങ്ങി ഒട്ടനവധി വിമര്‍ശങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്.

Published

|

Last Updated

കൊച്ചി | വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനത്തിനെത്തിയ തിയേറ്ററുകളില്‍ പ്രതിഷേധം. സിനിമ കാണാന്‍ മതിയായ ആളില്ലാത്തതിനാല്‍ പല തിയേറ്ററുകളും പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറി. സിനിമയെ പ്രേക്ഷകര്‍ അവഗണിച്ചത് മൂലം സംസ്ഥാനത്തെ പല ജില്ലകളിലും പ്രദര്‍ശനം വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രം ഒതുങ്ങി.

കൊച്ചി നഗരത്തില്‍ ആകെ മൂന്ന് തിയേറ്ററുകളില്‍ മാത്രമാണ് ഇന്നലെ സിനിമ പ്രദര്‍ശിപ്പിച്ചത്. ഷേണായീസ്, സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളീസ്, ഒബ്രോണ്‍ മാളിലെ പി വി ആര്‍ എന്നീ തിയേറ്ററുകളില്‍ ആയിരുന്നു പ്രദര്‍ശനം നടന്നത്.

മറ്റ് ജില്ലകളിലും ഇതേ അവസ്ഥ തന്നെയായിരുന്നു. സിനിമ കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കൊച്ചി ലുലു പി വി ആറിലെ ഷോ ഒഴിവാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത ചുരുക്കം പേര്‍ക്ക് തുക മടക്കിനല്‍കി.

നേരത്തേ, അമ്പതോളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിതരണക്കാരുടെ അവകാശ വാദം. എന്നാല്‍ നഷ്ടം മുന്‍കൂട്ടി കണ്ട് തിയേറ്ററുകള്‍ കരാറിലെത്താതെ പിന്‍മാറി. ഏറ്റവുമൊടുവില്‍ 17 സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.

അതിനിടെ, സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഷേണായീസ് തിയേറ്ററിലേക്ക് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 9.45ന് പ്രതിഷേധവുമായെത്തിയ എന്‍ വൈ സി പ്രവര്‍ത്തകര്‍ തിയേറ്റര്‍ കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

രാവിലെ പത്തിന് അറസ്റ്റ് ചെയ്ത ഇവരെ സിനിമാ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് ഒന്നിനാണ് വിട്ടയച്ചത്. എന്‍ വൈ സി സംസ്ഥാന പ്രസിഡന്റ് വി ആര്‍ സജിത്, ജനറല്‍ സെക്രട്ടറി തോമസ് കൊറശ്ശേരി, എന്‍ സി പി ജില്ലാ കമ്മിറ്റി അംഗങ്ങളായ ആന്റണി നെല്ലിശേരി, പീറ്റര്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ചിത്രത്തില്‍ വിദ്വേഷം നിറഞ്ഞ രംഗങ്ങള്‍ ഉണ്ടെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് വി ആര്‍ സജിത് പറഞ്ഞു. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. മതമൈത്രി തകര്‍ക്കുന്നു. തുടങ്ങി ഒട്ടനവധി വിമര്‍ശങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്.

 

Latest