Kerala
ഡോ.വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പ്രതിയുടെ ജാമ്യ ഹരജിയും തള്ളി
സിബിഐ അന്വേഷണത്തിന് അനിവാര്യമായ അപൂര്‍വ്വമായ സാഹചര്യമില്ലെന്നും നിലവിലെ അന്വേഷണത്തില്‍ പാളിച്ചകള്‍ കണ്ടെത്താനായിട്ടില്ലെന്നും കാണിച്ചാണ് ഹരജി തള്ളിയിരിക്കുന്നത്
കൊച്ചി | ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിന് അനിവാര്യമായ അപൂര്‍വ്വമായ സാഹചര്യമില്ലെന്നും നിലവിലെ അന്വേഷണത്തില്‍ പാളിച്ചകള്‍ കണ്ടെത്താനായിട്ടില്ലെന്നും കാണിച്ചാണ് ഹരജി തള്ളിയിരിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ആണ് ഹരജി പരിഗണിച്ചത്.നിലവിലുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. .രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു
അതേ സമയം കേസിലെ പ്രതി സന്ദീപിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2023 മെയ് 10-നാണ് യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി ആശുപത്രിയില്‍ വെച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.