Connect with us

Kerala

എ ഡി എം. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ല; വിജിലന്‍സ് ആസ്ഥാനത്തിന്റെ വിവരാവകാശ രേഖ പുറത്ത്

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റിന് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

Published

|

Last Updated

പത്തനംതിട്ട | എ ഡി എം. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് വിജിലന്‍സ് ആസ്ഥാനത്തിന്റെ വിവരാവകാശ രേഖ. സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്തെ രേഖകള്‍ പരിശോധിച്ചതില്‍ കണ്ണൂര്‍ കലക്ടറേറ്റിലെ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായതായി കാണുന്നില്ലെന്നുള്ള ശ്രദ്ധേയമായ വിവരാവകാശ രേഖയാണ് പുറത്ത് വന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റിന് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുന്നത്.

റവന്യൂ സെക്രട്ടറിയുടെ ഓഫീസും കണ്ണൂര്‍ ജില്ലാ കലക്ടറേറ്റും നവീന്‍ ബാബുവിനെതിരെ പരാതികള്‍ യാതൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ആസ്ഥാനത്തെ ഫയലിലും നവീന്‍ ബാബുവിനെതിരെ പരാതികള്‍ ഇല്ലെന്ന് വിജിലന്‍സ് ഡയറക്ടറേറ്റിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കത്തും വ്യക്തത നല്‍കുന്നത്.

പെട്രോള്‍ പമ്പിന്റെ അനുമതിക്കായുള്ള എന്‍ ഒ സി ലഭിക്കുവാന്‍ എ ഡി എം. നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്നും ആയത് നല്‍കിയെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്നും വെളിപ്പെടുത്തി ടി വി പ്രശാന്തന്‍ രംഗത്ത് വന്നിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള പരാതി നേരിട്ടോ തപാല്‍ മുഖേനയോ ഇമെയില്‍ വഴിയോ ആണ് മുഖ്യമന്ത്രിക്ക നല്‍കുന്നത്. വിജിലന്‍സ് ഡയറക്ടറേറ്റിനോ വകുപ്പ് തലവന്മാര്‍ക്കോ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് കൈമാറുന്നത്. എന്നാല്‍ നവീന്‍ ബാബുവിനെതിരെ ഇത്തരത്തിലുള്ള പരാതി വിജിലന്‍സ് ഡയറക്ടറേറ്റിലെയും റവന്യൂ വകുപ്പിലെയും ഫയലില്‍ കാണുന്നില്ല എന്ന സ്ഥിരീകരണമാണ് ഇത് സംബന്ധിച്ച് വിവരാവകാശ രേഖകളിലൂടെ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.

 

---- facebook comment plugin here -----

Latest