Kerala
സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കൊച്ചി വാട്ടര്‍ മെട്രോയില്‍ ആശങ്ക വേണ്ടെന്ന് ബെഹ്‌റ
കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്
കൊച്ചി \ താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ. കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക ജാക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഇതില്‍ കൂടുതല്‍ ആളുകളെ കയറ്റില്ല. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല.
ബോട്ടിന് ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ എഞ്ചിനീയര്‍മാരുണ്ട്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു