Connect with us

International

ഇമ്രാൻ ഖാന് എതിരായ അവിശ്വാസ പ്രമേയം ഇന്ന് പാക് പാർലിമെൻറിൽ

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്തെ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ഉത്തരവാദിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം

Published

|

Last Updated

ഇസ്ലാമാബാദ് | പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയം ഇന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. വൈകുന്നേരം നാല് മണിക്കാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കുക. ഭരണപക്ഷത്ത് നിന്നും പല കക്ഷികളും കൂറുമാറിയത് ഇമ്രാന്‍ ഖാന് ഭീഷണിയാണ്. എങ്കിലും കസേര സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ഞായറാഴ്ച ഇസ്ലാമാബാദില്‍ നടത്തിയ കൂറ്റന്‍ റാലിയില്‍ താന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളും റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയില്‍ നിന്നുള്ള നൂറോളം നിയമസഭാംഗങ്ങള്‍ മാര്‍ച്ച് എട്ടിനാണ് നാഷണല്‍ അസംബ്ലി സെക്രട്ടേറിയറ്റിന് മുമ്പാകെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്തെ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ഉത്തരവാദിയെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

ഭരണപക്ഷത്തുള്ള പല കക്ഷികളും പ്രതിപക്ഷത്തേക്ക് ചാഞ്ഞിട്ടുണ്ട്. മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ (എംക്യുഎംപി), പാകിസ്ഥാന്‍ മുസ്ലീം ലീഗ് ക്വയ്ദ് (പിഎംഎല്‍ക്യു), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) കക്ഷികള്‍ അവരുടെ 17 അംഗങ്ങളുമായി പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഇമ്രാന്‍ ഖാന്‍് തിരിച്ചടിയാണ്. 342 അംഗ ദേശീയ അസംബ്ലിയില്‍, ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് 172 വോട്ടുകള്‍ ആവശ്യമാണ്. ഇതില്‍ 163 പേരുടെ പിന്തുണ ഇതിനകം പ്രതിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ചില പാര്‍ട്ടികളും പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്തിയിവരികയാണ്. കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിപക്ഷത്തിന് ഒപ്പം നിന്നാല്‍ ഇമ്രാന്‍ ഖാന് താഴെയിറങ്ങേണ്ടിവരും.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫിന് സഭയില്‍ 155 അംഗങ്ങളാണുള്ളത്. കുറഞ്ഞത് ആറ് രാഷ്ട്രീയ പാര്‍ട്ടികളിലായി 23 അംഗങ്ങളുടെ പിന്തുണയും പാര്‍ട്ടിക്കുണ്ട്. പക്ഷേ ഇതില്‍ പലരും വിമത സ്വരം ഉയര്‍ത്തിയതിനാല്‍ ഇമ്രാന്‍ ഖാന് കസേര ഉറപ്പിക്കല്‍ പ്രയാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest