kochi corporation
കൊച്ചി കോര്‍പ്പറേഷന്‍ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു
യോഗത്തില്‍ നിന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ വിട്ടുനിന്നു
കൊച്ചി | ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പേരില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ ആവശ്യമായ അംഗങ്ങളുടെ എണ്ണം ഇല്ലാത്തതിനാലാണ് പ്രമേയ നീക്കം പരാജയപ്പെട്ടത്.
യോഗത്തില്‍ നിന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ വിട്ടുനിന്നു. അഞ്ച് ബിജെപി അംഗങ്ങളുംഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങള്‍ എത്താത്തതിനാല്‍ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 32 അംഗങ്ങളാണ് യു ഡി എഫില്‍ ഉള്ളത്. എന്നാല്‍ 28 മാത്രമാണ് ഇന്ന് ഹാജരായത്. യുഡിഎഫില്‍ തന്നെ നാല് പേരുടെ പിന്തുണ നഷ്ടപ്പെട്ടു. യുഡിഎഫിന് 32 പേരായിരുന്നു കഴിഞ്ഞ തവണ മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നത്. അത് 28 ആയി കുറഞ്ഞിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തിയില്ല. ടിബിന്‍ ദേവസ്യ എന്ന കോണ്‍ഗ്രസ് കൗണ്‍സിലറാണ് എത്താതിരുന്നത്. നിലവില്‍ കോര്‍പ്പറേഷന്‍ ഓഫീസ് സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി ടിബിന്‍ ദേവസ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതുകൊണ്ടാണ് ടിബിന്‍ എത്താതിരുന്നത് എന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.