Connect with us

No Confidence Motion

കൊപ്പം പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി

യു ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബി ജെ പിയുടെ ഒരംഗം പിന്തുണക്കുകയായിരുന്നു.

Published

|

Last Updated

പാലക്കാട് | കൊപ്പം പഞ്ചായത്ത് പ്രസിഡന്‌റ് ടി ഉണ്ണികൃഷ്ണനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ബിജെപി അംഗം അഭിലാഷിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. വരുന്ന പ്രസിഡന്‌റ തെരഞ്ഞെടുപ്പിലും ബിജെപി അംഗത്തിന്റെ വോട്ട് നിര്‍ണായകമായിരിക്കും. യുഡിഎഫ് എട്ട്, എല്‍ ഡി എഫ് എട്ട്, ബി ജെ പി ഒന്ന് എന്നിങ്ങനെയാണ് കൊപ്പം പഞ്ചായത്തിലെ കക്ഷിനില.

കൊപ്പം ഗ്രാമ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാടിന് എതിരായി വോട്ട് രേഖപ്പെടുത്തിയതിന് കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടതായും പഞ്ചായത്തംഗം അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ബി ജെ പി ജില്ലാ പ്രസിഡന്റ് കെഎംഹരിദാസ് അറിയിച്ചു.

കൊപ്പം പഞ്ചായത്തിലെ കോണ്‍ഗ്രസ് – ലീഗ് – ബി ജെ പി മുക്കൂട്ട് മുന്നണിയുടെ രഹസ്യ ധാരണകളാണ് ഈ അവിശ്വാസത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് നിലവിലെ പ്രസിഡന്റ് ടി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മുക്കൂട്ടു മുന്നണി വികസനപ്രവര്‍ത്തനങ്ങളില്‍ തുരങ്കം വെക്കുന്ന ഇടപെടാലാണ് നടത്തിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷത്തെ ഭരണ മുരടിപ്പിന് എതിരെയുള്ള ജനരോഷത്തിന്റെ ഭാഗമാണ് അവിശ്വാസമെന്ന് യുഡിഎഫ് കൊപ്പം പഞ്ചായത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗതാഗത- വൈദ്യുത-ഭവന നിര്‍മ്മാണ അടിസ്ഥാന വികസനങ്ങള്‍ മുരടിക്കുകയും ഫണ്ടുകള്‍ ലാപ്‌സ് ആവുകയും ചെയ്യുന്നു. ബിജെപി പിന്തുണ യുഡിഎഫിന് ആവശ്യമില്ലെന്നും സഹായം ലഭിച്ചത് സിപിഎമ്മിന് ആണെന്നും അവിശ്വാസത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നു എന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

 

Latest