Ongoing News
മാപ്പില്‍ സമവായമില്ല; വീണ്ടും പോരടിച്ച് ഇ കെ - ലീഗ് നേതാക്കള്‍
ചേരിപ്പോരിന് ശമനം കണ്ടെത്താനാണ് കഴിഞ്ഞ ദിവസം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട്ട് ചര്‍ച്ച സംഘടിപ്പിച്ചതെങ്കിലും സമാധാന പ്രസ്താവനകള്‍ക്ക് ഒരു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായില്ല
കോഴിക്കോട് | സമവായ ചര്‍ച്ചയിലെ പ്രതികരണങ്ങളെച്ചൊല്ലി പൊട്ടിത്തെറിച്ച് ഇ കെ – ലീഗ് നേതാക്കള്‍. ഇരു വിഭാഗവും തമ്മിലുള്ള ചേരിപ്പോരിന് ശമനം കണ്ടെത്താനാണ് കഴിഞ്ഞ ദിവസം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട്ട് ചര്‍ച്ച സംഘടിപ്പിച്ചതെങ്കിലും സമാധാന പ്രസ്താവനകള്‍ക്ക് ഒരു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായില്ല.
പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങളും വ്യക്തമാക്കി. സ്വാദിഖലി തങ്ങളോട് ഇ കെ വിഭാഗം നേതാക്കള്‍ ഖേദപ്രകടനം നടത്തിയെന്നും ഇത് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറയാമെന്ന് പറഞ്ഞിട്ട് അങ്ങനെ ചെയ്തില്ലെന്ന വിമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഇന്നലെ രംഗത്തെത്തിയത്.
എന്നാല്‍, ഞങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും മാപ്പ് അല്ലാഹുവിനോട് മാത്രമേ പറയേണ്ടതുള്ളൂവെന്നും ഇ കെ വിഭാഗം സെക്രട്ടറി ഉമര്‍ ഫൈസി ഇതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് സ്വാദിഖലി ശിഹാബ് തങ്ങള്‍ കേക്ക് മുറിച്ചതിനെച്ചൊല്ലി ഉടലെടുത്ത വിവാദമാണ് ഇ കെ- ലീഗ് വിഭാഗീയതയിലെ അവസാന വിഷയം.
മറ്റ് മതസ്ഥരുടെ ആചാരങ്ങളില്‍ പങ്കുകൊള്ളുന്നത് ശരിയല്ലെന്നായിരുന്നു ഇ കെ വിഭാഗം നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന. എന്നാല്‍, ഇത് സ്വാദിഖലി തങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് അമ്പലക്കടവ് പിന്നീട് മലക്കം മറിഞ്ഞു. സ്വാദിഖലി തങ്ങളെ സന്ദര്‍ശിച്ച ശേഷം ഇനി ക്രിസ്മസിന് കേക്ക് മുറിക്കാമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത്തരം കാര്യങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്നായിരുന്നു അമ്പലക്കടവിന്റെ പ്രതികരണം.
അതേസമയം, കേക്ക് വിവാദത്തില്‍ സ്വാദിഖലി തങ്ങളെ വിമര്‍ശിച്ച അമ്പലക്കടവ് അടക്കമുള്ള ലീഗ് വിരുദ്ധ ചേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ‘സമസ്ത’ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, സ്വാദിഖലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ നാലിന് എസ് കെ എസ് എസ് എഫ് ഗള്‍ഫ് ഘടകം നേതാക്കള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ടുകൊണ്ടാണ് ഇ കെ വിഭാഗം ഈ നീക്കത്തെ പ്രതിരോധിച്ചത്.