congress issue
മാനദണ്ഡമായില്ല; ഡി സി സി ഭാരവാഹി പട്ടിക നീളുന്നു
ഭാരവാഹിയാകാൻ വേണ്ട മാനദണ്ഡങ്ങൾ എന്താണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല

മലപ്പുറം | കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമാരെ നിയമിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും സഹഭാരവാഹികളുടെ പട്ടിക തയ്യാറാക്കൽ അനന്തമായി നീളുന്നു. ഏറെ കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിലാണ് ഡി സി സി അധ്യക്ഷന്മാരെ തന്നെ നിയമിച്ചത്.
മാസങ്ങൾ പിന്നിട്ടിട്ടും ഡി സി സി ഭാരവാഹി പട്ടിക തയ്യാറാക്കുന്ന നടപടി നീളുകയാണ്. ഡി സി സി ഭാരവാഹികൾക്കൊപ്പം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരുടെ പട്ടികയും തയ്യാറാക്കി നൽകണം. മാനദണ്ഡങ്ങൾ നിശ്ചയിച്ചു വേണം ഡി സി സി പുതിയ ഭാരവാഹികളെ കണ്ടെത്താനെന്ന് കോൺഗ്രസ്സ് ഹൈക്കമാൻഡ് നിർദേശമുണ്ട്.
സംസ്ഥാന നേതൃത്വമാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ ഡി സി സി ഭാരവാഹിയാകാൻ വേണ്ട മാനദണ്ഡങ്ങൾ എന്താണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
അതേസമയം, അടുത്ത ദിവസങ്ങളിലായി സംസ്ഥാന നേതൃത്വം ഇതിനുള്ള യോഗം ചേരുന്നുണ്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. നേതാക്കൾ കോൺഗ്രസ്സിന്റെ ജെയ്പൂർ സമ്മേളനത്തിലായതിനാലാണ് തുടർ നടപടികൾ വൈകിയതത്രെ. ഭാരവാഹി പട്ടിക തയ്യാറാക്കാൻ ഓരോ ജില്ലക്കും ജനറൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ അതത് ജില്ലകളിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ, എം പിമാർ, എം എൽ എമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി വേണം പട്ടിക തയ്യാറാക്കാൻ എന്ന് നിർദേശമുണ്ട്.
അതനുസരിച്ച് ആദ്യഘട്ടമെന്ന നിലയിൽ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ജില്ലയിലെത്തി ചർച്ച നടത്തിയെന്നല്ലാതെ തുടർ നടപടികൾ മുന്നോട്ടുപോയില്ല. പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി ജനറൽ സെക്രട്ടറിമാരിലൊരാളായ പി എ സലീം മലപ്പുറത്തെത്തി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഡി സി സി പ്രസിഡന്റും ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറിയും ചേർന്നാണ് ഭാരവാഹി പട്ടിക തയ്യാറാക്കി നൽകേണ്ടത്.
അതേസമയം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തലയടക്കമുള്ള മുതിർന്ന നേതാക്കൾ നാമനിർദേശത്തിലൂടെ ഡി സി സി ഭാരാവാഹി പട്ടിക തയ്യാറാക്കുന്നതിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇനിയും പുരോഗതി വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിന് വർഷങ്ങളെടുക്കുമെന്നും അതുവരെ ഡി സി സിക്ക് ഭാരവാഹികൾ ഉണ്ടാകാതിരിക്കാൻ പറ്റില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
സഹ ഭാരവാഹികളില്ലാതെ പുതിയ അധ്യക്ഷൻ മാത്രമാണ് ഇപ്പോൾ ഡി സി സികൾക്കുള്ളത്. എ, ഐ ഗ്രൂപ്പും പുതിയ കെ പി സി സി നേതൃത്വത്തെ അനുകൂലിക്കുന്ന ഗ്രൂപ്പും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഡി സി സി പട്ടിക വൈകാൻ ഇടയാക്കുന്നതെന്നും ആരോപണമുണ്ട്.