Connect with us

jamaathe islami- rss discussion

ആര്‍ എസ് എസ്സുമായി ചര്‍ച്ച നടത്തിയിട്ടില്ല; വിമര്‍ശം ഇസ്ലാമോഫോബിയയെന്നും ജമാഅത്തെ ഇസ്ലാമി

സംഘടനാ വിഷയങ്ങളല്ല, മറിച്ച് സാമുദായിക വിഷയങ്ങളാണ് ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയതെന്നും മുജീബുര്‍റഹ്മാന്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | ആര്‍ എസ് എസ്സുമായി ദേശീയതലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ന്യായീകരിച്ച് ജമാഅത്തെ ഇസ്ലാമി കേരള ഘടകം. മുസ്ലിം സംഘടനകളുമായി ആര്‍ എസ് എസ് നടത്തിയ ചര്‍ച്ചയില്‍ ഭാഗമാകുക മാത്രമാണ് ചെയ്തതെന്ന വിചിത്ര ന്യായവും കോഴിക്കോട് ഹിറാ സെൻ്ററിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരള അസി.അമീര്‍ പി മുജീബുര്‍റഹ്മാന്‍ പറഞ്ഞു. ചര്‍ച്ചക്കെതിരായ വിമര്‍ശം ഇസ്ലാമോഫോബിയയാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയെ വിവാദമാക്കിയതില്‍ തിരക്കഥയുണ്ട്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സി പി എമ്മിന് ഇക്കാര്യത്തില്‍ പ്രത്യേക അജന്‍ഡയുണ്ടായിരുന്നു. ആര്‍ എസ് എസുമായി നേരത്തേ തിരുവനന്തപുരത്ത് വെച്ച് സി പി എം ചര്‍ച്ച നടത്തുകയും അതില്‍ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ സമീപമകാല ചരിത്രമുള്ളവര്‍ മുസ്ലിം സംഘടനകളെ ആര്‍ എസ് എസ് ചര്‍ച്ചക്ക് വിളിച്ചതിനെ പ്രശ്‌നവത്കരിക്കുന്നത് പ്രത്യേക അജന്‍ഡ വെച്ചാണ്. ഇസ്ലാമോഫോബിയയാണ് ഇത്. ജമാഅത്തെ ഇസ്ലാമിയെ മാത്രം ആക്രമിക്കുന്നത് അതിന്റെ ഭാഗമാണ്. മുസ്ലിം ലീഗ് അടക്കമുള്ള മറ്റ് മുസ്ലിം സംഘടനകളുടെ വിമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് കാര്യമാക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ മുജീബുര്‍റഹ്മാന്‍, പിന്നീട് സ്വരം മയപ്പെടുത്തി. ആര്‍ എസ് എസ്സുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുസ്ലിം സംഘടനകള്‍ക്ക് ജാഗ്രതയുണ്ടെന്നും ആ ജാഗ്രത സ്വാഗതം ചെയ്യുന്നുവെന്നും സമാന ജാഗ്രത ജമാഅത്തിനുണ്ടെന്നും പറഞ്ഞു. സംഘടനാ വിഷയങ്ങളല്ല, മറിച്ച് സാമുദായിക വിഷയങ്ങളാണ് ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയതെന്നും മുജീബുര്‍റഹ്മാന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂകോട്ടൂർ, ഹക്കീം നദ്‌വി, ശൂറാ അംഗം ടി മുഹമ്മദ് വേളം, അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവർ പങ്കെടുത്തു.