International
ആഴ്ചകളായി വൈദ്യുതിയില്ല; ചെര്‍ണോബില്‍ ആണവനിലയത്തില്‍ വികിരണ സാധ്യതയേറി; മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി
യുക്രൈനില്‍ റഷ്യന്‍ സേന നടത്തുന്ന അധിനിവേശം മൂന്നാഴ്ച പിന്നിടുന്നതോടെ ദുരിതം വര്‍ധിച്ചിട്ടുണ്ട്.
കീവ് | യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ ആണവ ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. നിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലാണെന്നും ഏജന്‍സി അറിയിച്ചു.
സോവിയറ്റ് കാലത്ത് ആണവ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട നിലയം റഷന്‍ സൈന്യം പിടിച്ചെടുത്തതോടെയാണ് ആണവ ചോര്‍ച്ച റിപ്പോര്‍ട്് ചെയ്യപ്പെടുന്നത്. റഷ്യയുടെ ആക്രമണത്തില്‍ നിലയത്തിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന ഭീതിക്കിടയാക്കുന്നത്. ഇതോടെ ചോര്‍ച്ച തടയുനുള്ള സുരക്ഷാ സംവിധാനം നിലച്ചിരിക്കുകയാണ്. വൈദ്യുതി ഇനിയും പുനസ്ഥാപിച്ചിട്ടില്ല.
അതേസമയം, ബെലാറൂസില്‍നിന്നുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ചതായി റഷ്യന്‍ ഊര്‍ജ മന്ത്രാലയം അവകാശപ്പെട്ടു.
യുക്രൈനില്‍ റഷ്യന്‍ സേന നടത്തുന്ന അധിനിവേശം മൂന്നാഴ്ച പിന്നിടുന്നതോടെ ദുരിതം വര്‍ധിച്ചിട്ടുണ്ട്. മരിയു പോളി ഉള്‍പ്പെടെ സുപ്രധാന മേഖലകളില്‍ വൈദ്യുതി, ടെലിഫോണ്‍ ബന്ധം നിശ്ചലമായിട്ട് ദിവസങ്ങളായി. കിഴക്കന്‍ യുക്രെയ്‌നിലെ കര്‍കീവ് നഗരത്തില്‍ മിസൈലാക്രമണങ്ങളില്‍നിന്നു രക്ഷ തേടി നൂറുകണക്കിന് ആളുകളാണു നഗരത്തിലെ മെട്രോ സ്റ്റേഷനില്‍ അഭയം തേടിയിട്ടുള്ളത്.