Uae
ഗസ്സയിൽ നിന്ന് ഒഴിപ്പിക്കൽ അനുവദിക്കില്ല: ജി സി സി
അന്താരാഷ്ട്ര പ്രമേയങ്ങള്‍ ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനും അതിര്‍ത്തികള്‍ക്കും അഭയാര്‍ഥികളുടെ തിരിച്ചുവരവിനുമുള്ള അവകാശം സ്ഥിരീകരിക്കുന്നു.
![](https://assets.sirajlive.com/2024/02/gaza-897x538.jpg)
ദുബൈ | ഗസ്സ മുനമ്പില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു.ദുബൈയില്‍ ഭരണകൂട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ ആശയം അറബ് ലോകം അംഗീകരിക്കില്ല .ഗസ്സ പുനര്‍നിര്‍മിക്കുന്നതിനായി ഫലസ്തീനികളെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ല.നിര്‍ബന്ധിതമായി കുടിയിറക്കുക എന്ന ആശയം അംഗീകരിക്കുന്ന ആരും അറബ് സമൂഹത്തിലില്ല.അന്താരാഷ്ട്ര പ്രമേയങ്ങള്‍ ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനും അതിര്‍ത്തികള്‍ക്കും അഭയാര്‍ഥികളുടെ തിരിച്ചുവരവിനുമുള്ള അവകാശം സ്ഥിരീകരിക്കുന്നു.സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയങ്ങളാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ട്രംപുമായുള്ള ഞങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നു.സുരക്ഷക്കും സ്ഥിരതക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ വിയോജിപ്പുണ്ട്. അറബിയില്‍ പറഞ്ഞാല്‍, സംസാരം കൊടുക്കല്‍ വാങ്ങലാണ്. ട്രംപിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുണ്ട്, അറബ് ലോകത്തിന് അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. അറബ് ലോകത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഏതൊരു കരാറും വിജയിക്കില്ല. പ്രതികരണങ്ങള്‍ വ്യക്തമാണ്.
ഉച്ചകോടിക്കിടെ മറ്റൊരു നിര്‍ണായക ചോദ്യം ഉയര്‍ന്നുവന്നു. ഇസ്രാഈലിനും ഗസ്സക്കും ഇടയില്‍ അമേരിക്ക യഥാര്‍ഥത്തില്‍ ഒരു മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നുണ്ടോ അതോ അത് പക്ഷപാതം കാണിക്കുന്നുണ്ടോ? അറബ് ലീഗിന്റെ സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗൈത്തിനോട് അവതാരകന്‍ചോദിച്ചു. അമേരിക്കയുടെ കാഴ്ചപ്പാട് അവ്യക്തമാണ്. മധ്യസ്ഥതയാണ് പരിഹാരം എന്ന് അമേരിക്ക വിശ്വസിക്കുന്നു. അമേരിക്ക ഇപ്പോഴും മികച്ച പരിഹാരം നല്‍കാന്‍ ശ്രമിക്കുന്ന ഒരു മോഡറേറ്ററാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.