Connect with us

aryan khan ncb case

ലഹരിപാര്‍ട്ടി- ആര്യന്‍ ഖാന്റെ പങ്കിന് തെളിവില്ല: എന്‍ സി ബി

കപ്പലില്‍ റെയ്ഡ് നടത്തിയ സമീര്‍ വാങ്കഡെക്ക് തെറ്റുപറ്റി

Published

|

Last Updated

മുംബൈ | ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പങ്കിന് തെളിവില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്ഡിലും പിഴവുകള്‍ പറ്റിയതായി പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പലരില്‍ നിന്നായി പിടികൂടിയ മയക്കുമരുന്ന് ഒരു റിക്കവറി ആയി രേഖപ്പെടുത്തി. റെയ്ഡ് നടപടികള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തില്ല. ആര്യന്‍ ഖാന് മേല്‍ എന്‍ ഡി പി എസ് ചാര്‍ജ് ചുമത്തണോ എന്നതില്‍ നിയമോപദേശം തേടുമെന്നും എന്‍ സി ബി ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ രണ്ടിനാണ് ലഹരിപാര്‍ട്ടിക്കിടെ എന്‍ സി ബി റെയ്ഡ് നടത്തിയത്. എന്‍ സി ബി ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പല ചട്ടങ്ങളും റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ലംഘിക്കപ്പെട്ടെന്നും നടപടി ക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും എന്‍ സി ബി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിരുന്നില്ല. എന്നിട്ടും ആര്യന്റെ ഫോണ്‍ പിടിച്ചെടുത്തതും വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതും തെറ്റായിപ്പോയി. ഫോണില്‍ നിന്ന് ഒരു ഗൂഡാലോചനാ സൂചനയും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ആര്യനെതിരെ ഗൂഡാലോചനയില്‍ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലും വ്യക്തമാക്കിയിരുന്നു.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 3നായിരുന്നു അറസ്റ്റ്. എന്‍ സി ബി നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്.