IPL
ജനുവരി ആദ്യവാരമില്ല; ഐ പി എല്‍ മെഗാ താരലേലം നീളും
നിലവിലുള്ള എട്ട് ടീമുകള്‍ക്ക് പുറമേ രണ്ട് പുതിയ ടീമുകള്‍ കൂടെ അടുത്ത സീസണില്‍ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ താരലേലത്തിന് കളമൊരുങ്ങുന്നത്
മുംബൈ | ഐ പി എല്‍ മെഗാ താരലേലം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ ആഴ്ചയോ നടന്നേക്കും. നേരത്തേ അടുത്ത വര്‍ഷം ജനുവരി ആദ്യം നടക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്റുകള്‍ക്ക് ബി സി സി ഐ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഡിസംബറില്‍ തന്നെ മെഗാലേലം നടന്നേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നിലവിലുള്ള എട്ട് ടീമുകള്‍ക്ക് പുറമേ രണ്ട് പുതിയ ടീമുകള്‍ കൂടെ അടുത്ത സീസണില്‍ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ താരലേലത്തിന് കളമൊരുങ്ങുന്നത്. നിലവിലെ ടീമുകള്‍ക്ക് രണ്ട് വിദേശ താരങ്ങള്‍ വരെ ഉള്‍പ്പെടുത്തി നാല് താരങ്ങളെ പരമാവധി നിലനിര്‍ത്താന്‍ ബി സി സി ഐ അനുമതി നല്‍കിയിരുന്നു. ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ന് അവസാനിച്ചിരുന്നു. ലക്‌നോയും അഹമ്മദാബാദും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ രണ്ട് ടീമുകള്‍ക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരം ഡിസംബര്‍ 25 വരെയുണ്ട്.
അഹമ്മദാബാദ് ടീമിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചില നടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ലേലം നീളുന്നത്. ഇത് ജനുവരി മൂന്നാം വാരത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ബി സി സി ഐ ഇപ്പോള്‍ ടീമുകളെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ജനുവരി അവസാന വാരമോ ഫെബ്രുവരി ആദ്യവാരമോ മെഗാതാരലേലം ഉണ്ടായേക്കും. എന്നാല്‍, ഐ പി എല്ലിന്റെ പ്രക്ഷേപണ അവകാശവുമായി ബന്ധപ്പെട്ട ലേലം ഇതിന് മുമ്പ് ഉണ്ടാവുമെന്നും സൂചനയുണ്ട്.