National
പാര്‍ലമെന്റിനകത്തും പുറത്തും അഭിപ്രായ സ്വാതന്ത്ര്യമില്ല: കോണ്‍ഗ്രസ് അധ്യക്ഷന്‍
സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരെ ജയിലില്‍ അടയ്ക്കുന്നുവെന്നും ഖാര്‍ഗെ
റാഞ്ചി| കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ 60 ദിവസത്തെ ‘ഹാത്ത് സേ ഹാത്ത് ജോഡോ’ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ച ശേഷം പാകൂരിലെ ഗുമാനി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെതിരെയുളള തന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരെ ജയിലില്‍ അടയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പണപ്പെരുപ്പം തടയുമെന്ന വാഗ്ദാനത്തോടെയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം അവശ്യസാധനങ്ങളുടെ വിലയും ദാരിദ്ര്യവും വര്‍ധിച്ചു വരികയാണെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയതും കോണ്‍ഗ്രസാണെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍, സംസ്ഥാന മന്ത്രി അലംഗീര്‍ ആലം എന്നിവരും റാലിയില്‍ പങ്കെടുത്തു.