Eranakulam
എട്ടാം ക്ലാസ്സ് മുതലുള്ളവർക്ക് അവധിയില്ല; എയറിലായി കലക്ടർ
കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ആക്ഷേപം കുമിഞ്ഞുകൂടുന്നു
എറണാകുളം | ജില്ലയിലെ ഏഴാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ എയറിലായി കലക്ടര്‍ രേണു രാജ് ഐ എ എസ്. എട്ടാം ക്ലാസ്സ് മുതലുള്ളവര്‍ക്ക് അവധി നല്‍കാത്തതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ആക്ഷേപം കുമിഞ്ഞുകൂടുകയാണ്.
ബ്രഹ്മപുരത്തെ മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. വടവുകോട്- പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് അവധി.
അങ്കണവാടികള്‍, കിന്റര്‍ ഗാര്‍ഡണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് എട്ടാം ക്ലാസ്സ് മുതലുള്ളവർക്ക് അവധി നൽകാത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.