From the print
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല
തിരഞ്ഞെടുപ്പ് പരിഗണിച്ച് കേസ് ഈ മാസം 17ലേക്ക് മാറ്റി.
ന്യൂഡല്‍ഹി | ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) ക്ക് വേണ്ടി പ്രചാരണം നടത്താനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹരജി നേരത്തേ ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് പരിഗണിച്ച് കേസ് ഈ മാസം 17ലേക്ക് മാറ്റി.
ജനുവരി 31നാണ് ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തത്. നിലവില്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.