Kerala
നിയമ നടപടിക്കില്ല; ഇന്റേണല്‍ കമ്മിറ്റിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്
'പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ട്.'

കൊച്ചി | നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന പരാതിയില്‍ നിയമ നടപടിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. ‘സൂത്രവാക്യം’ സിനിമയുടെ ഐ സി സിക്ക് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.
താനും ഷൈനും ഒരുമിച്ചും വെവ്വേറെയും മൊഴി നല്‍കിയെന്ന് വിന്‍സി പറഞ്ഞു. മൊഴിയുടെ വിശദ വിവരങ്ങള്‍ പുറത്തു പറയാനാകില്ല. പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ട്. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും നടി പറഞ്ഞു. എന്നാല്‍, കുടുംബ സമേതം മൊഴി നല്‍കാനെത്തിയ ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
സിനിമാ സെറ്റില്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന വിന്‍സിയുടെ പരാതി വന്‍ വിവാദമായിരുന്നു. ഇതോടെയാണ് ഇന്റേണല്‍ കമ്മറ്റി ഇടപെട്ടത്. നാലംഗ കമ്മിറ്റിയാണ് വിന്‍സിയുടെയും ഷൈനിന്റെയും മൊഴി രേഖപ്പെടുത്തിയത്.