Kerala
ലോഡ്‌ഷെഡിങും പവര്‍കട്ടും വേണ്ട; തീരുമാനമെടുത്ത് സര്‍ക്കാര്‍
വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തിരുവനന്തപുരം | സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കി. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കേരളത്തിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് മാത്രം ആവശ്യമായ വൈദ്യുതി ഉത്പാദനം സാധ്യമാകില്ലെന്ന് കണ്ട് വൈദ്യുതി കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് ദോഷകരമാവാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവ് കുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ടോട്ടക്സ് മാതൃക ഒഴിവാക്കും. ഉപഭോക്താവില്‍ നിന്ന് സ്മാര്‍ട്ട് മീറ്റര്‍ ചെലവ് ഈടാക്കുന്ന മാതൃകയാണ് ടോട്ടക്സ്. സ്മാര്‍ട്ട് മീറ്റര്‍ വിഷയത്തില്‍ ബദല്‍ മാര്‍ഗം തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്മാര്‍ട്ട് മീറ്ററിന്റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജുകള്‍, മറ്റ് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള ചാര്‍ജുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആന്‍ഡ് മെയ്ന്റനന്‍സ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.
പുതിയ സംവിധാനത്തില്‍ ബില്ലിങ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍ കെ എസ് ഇ ബി തന്നെ രൂപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെ എസ് ഇ ബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെ എസ് ഇ ബി ഡാറ്റ സെന്റര്‍ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെ എസ് ഇ ബി ജീവനക്കാര്‍ തന്നെ നടത്തും.
കെ എസ് ഇ ബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെ പേരെയാണ് ഈ സംവിധാനത്തിന്റെ ഭാഗമാക്കുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും കെ എസ് ഇ ബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നല്‍കാനാകുമോ എന്ന കാര്യം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കെ എസ് ഇ ബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ സംസാരിച്ചു.