kmbasheer murder
ഏത് അട്ടിമറിയുണ്ടെങ്കിലും സത്യം ജയിക്കും: സെയ്ഫുദ്ദീന്‍ ഹാജി
ശ്രീറാം വെങ്കിട്ടറാമിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു
കോഴിക്കോട് | ശ്രീറാം വെങ്കിട്ടറാമിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിറാജ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. ആശ്വാസകരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. നിയമസംവിധാനത്തിലുള്ള വിശ്വാസം വര്‍ധിച്ചിരിക്കുകയാണെന്നും സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു.
ക്രൂരമായ നരഹത്യ അട്ടിമറിക്കാന്‍ അപകടമുണ്ടായ ആദ്യ നമിഷം മുതല്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ നടത്തിയ കരുനീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ പോലീസിനു മുന്നില്‍ പോലും താനല്ല വാഹനം ഓടിച്ചതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു മുങ്ങി സുരക്ഷിത സ്ഥലത്ത് അഭയം തേടി. രക്ത സാമ്പിള്‍ ശേഖരിക്കാനുള്ള ആശുപത്രി ജീവനക്കാരുടെ ശ്രമം തടഞ്ഞു.
അധികാരത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി രക്ഷപ്പെടാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.
കേരളത്തിലെ മാധ്യമ സമൂഹവും പൊതുജനങ്ങളും പുലര്‍ത്തിയ ജാഗ്രതയുടെ വിജയമാണിത്. സിറാജ് മാനേജ്‌മെന്റും കേരള മുസ്്‌ലിം ജമാഅത്തും ഇക്കാര്യത്തില്‍ സദാ കരുതല്‍ പുലര്‍ത്തി. നരഹത്യ നടത്തിയ ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്ന പ്രക്ഷോഭം സുപ്രധാനമായിരുന്നു. കേസിന്റെ ഗതിയില്‍ മാറ്റം വന്ന ഓരോ ഘട്ടത്തിലും ഈ ഇടപെടലുകള്‍ ഉണ്ടായി. സാമൂഹികമായ ഈ ജാഗ്രത ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയ്യാറായതും ഇപ്പോള്‍ കുറ്റവാളിക്ക് തിരിച്ചടി നല്‍കുന്ന വിധിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തത്.
ഏത് അട്ടിമറിയുണ്ടെങ്കിലും സത്യം ജയിക്കുമെന്നതിന്റെ പ്രകടമായ തെളിവാണിത്. ജനങ്ങളുടെ വികാരവും കെ എം ബഷീറിന്റെ കുടുംബത്തിന്റെ അവസ്ഥയും പരിഗണിച്ചുള്ള സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നു. കുറ്റവാളിക്ക് കടുത്തശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കേസ് നീട്ടിക്കൊണ്ട് പോകാന്‍ ഒരുപാട് അടവുകള്‍ പ്രതി പ്രയോഗിച്ചു. വിചാരണക്കോടതിയില്‍ നിന്ന് അയാള്‍ക്ക് അനുകൂലമായി വിധിയുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതെല്ലാം ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്. സത്യം ജയിക്കും. കുറ്റവാളിക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പാണെന്നും സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു.