Connect with us

National

പ്രചാരണത്തിന് പണമില്ല ; ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു

തിങ്കളാഴ്ചയാണ് പുരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Published

|

Last Updated

പുരി | ഒഡീഷയില്‍ പുരി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചാരിത മൊഹന്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാതായതോടെയാണ് സുചാരിത മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. ചിലവ് ചുരുക്കിയും സ്വയം ഫണ്ട് കണ്ടെത്തിയും പ്രചാരണം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സംബീത് പത്രയും ബിജെഡി സ്ഥാനാര്‍ഥി അരൂപ് പട്നായിക്കും പണമൊഴുക്കിയാണ് പ്രചാരണം നടത്തുന്നത്. പുരി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ തീര്‍ത്തും ദുര്‍ബലരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളാക്കിയതെന്നും സുചാരിത പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ പാര്‍ട്ടിയെ വരിഞ്ഞുമറുക്കിയതിനാല്‍ വേണ്ടത്ര ഫണ്ട് കോണ്‍ഗ്രസിനില്ലെന്നും അവര്‍ പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാല്‍ പ്രചാരണം നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് മെയ് മൂന്നിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനയച്ച കത്തില്‍ പറയുന്നു.

ഒഡീഷയുടെ ചുമതലയുള്ള ഡോ. അജോയ് കുമാറിനോട് ഇക്കാര്യം പലതവണ അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം സ്വയം ഫണ്ട് കണ്ടെത്താനാണ് പറയുന്നത്. തന്റെ സമ്പാദ്യം മുഴുവന്‍ പ്രചാരണത്തിനായി ചെലവഴിച്ചെന്നും ഇനി കൈയില്‍ പണമില്ലെന്നും സുചാരിത പറയുന്നു.

തിങ്കളാഴ്ചയാണ് പുരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മെയ് 13, 20, 25, ജൂണ്‍ 1 തീയതികളിലായി നാല് ഘട്ടങ്ങളായിട്ടാണ്  ഒഡീഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Latest