National
പ്രചാരണത്തിന് പണമില്ല ; പത്രിക പിന്‍വലിച്ച സുചാരിത മൊഹന്തിക്ക് പകരം കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
ജയ് നാരായണ്‍ പാട്‌നായകാണ് പുതിയ സ്ഥാനാര്‍ഥി
ബുവനേശ്വര്‍ | ഒഡീഷയിലെ പുരി ലോക്‌സഭ മണ്ഡലത്തില്‍ പ്രചാരണത്തിന് പണമില്ലാത്തതിനാല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ച സുചാരിത മൊഹന്തിക്ക് പകരം കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ജയ് നാരായണ്‍ പാട്‌നായകാണ് പുതിയ സ്ഥാനാര്‍ഥി. പ്രചാരണത്തിന് പാര്‍ട്ടി ഫണ്ട് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സുചാരിത മൊഹന്തി പത്രിക പിന്‍വലിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സുചാരിത മൊഹന്തിക്ക് പകരം പുരി ലോക്‌സഭ മണ്ഡലത്തില്‍ ജയ് നാരായണ്‍ പട്‌നായിക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പട്‌നായികിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതായും കെസി വേണുഗോപാല്‍ അറിയിച്ചു.
പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാല്‍ പ്രചാരണം നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് മെയ് മൂന്നിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനയച്ച കത്തില്‍ സുചാരിത പറഞ്ഞിരുന്നു.
ഒഡീഷയുടെ ചുമതലയുള്ള ഡോ. അജോയ് കുമാറിനോട് ഇക്കാര്യം പലതവണ അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം സ്വയം ഫണ്ട് കണ്ടെത്താനാണ് പറയുന്നത്. തന്റെ സമ്പാദ്യം മുഴുവന്‍ പ്രചാരണത്തിനായി ചെലവഴിച്ചെന്നും ഇനി കൈയില്‍ പണമില്ലെന്നും സുചാരിത പറയുന്നു.
തിങ്കളാഴ്ചയാണ് പുരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മെയ് 13, 20, 25, ജൂണ്‍ 1 തീയതികളിലായി നാല് ഘട്ടങ്ങളായിട്ടാണ് ഒഡീഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്.