International
കൂടുതല്‍ ബ്ലാബ്ലാബ്ലാ വേണ്ട; യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയെ വിമര്‍ശിച്ച് ഗ്രേറ്റ
സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണ്.
ഗ്ലാസ്‌ഗോ| കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാകുന്നതില്‍ രോഷം പ്രകടിപ്പിച്ച് യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നിടത്ത് നിന്ന് ക്ലൈഡ് നദിയുടെ എതിര്‍ കരയിലേക്ക് മാര്‍ച്ച് നടത്തി. ‘ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്’ എന്ന മുദ്രാവാക്യമുള്ള ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ആരോപിച്ചു. ‘മാറ്റം ഉള്ളില്‍ നിന്ന് വരാന്‍ പോകുന്നില്ല, കൂടുതല്‍ ബ്ലാബ്ലാബ്ലാ വേണ്ട’, യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയെ ഗ്രേറ്റ വിമര്‍ശിച്ചു.
‘ഗ്ലാസ്‌ഗോയിലെ സമ്മേളനത്തില്‍ സുരക്ഷിതയായി ഞാനിരിക്കുമ്പോള്‍ എന്റെ രാജ്യമായ കെനിയയില്‍ രണ്ട് ദശലക്ഷത്തോളം ആളുകള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പട്ടിണി കിടക്കുകയാണ്. ലോകനേതാക്കള്‍ ഹൃദയം തുറന്ന് ഈ ദുരിതക്കാഴ്ചകള്‍ കാണണമെന്നാണ് അഭ്യര്‍ഥനയെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കെനിയന്‍ ആക്ടിവിസ്റ്റ് എലിസബത്ത് വാത്ഹുതി പറഞ്ഞു.