Connect with us

Ongoing News

ഇനിയില്ല; ഇംഗ്ലണ്ടിന്റെ പരിശീലക കുപ്പായമഴിച്ച് ഗാരത് സൗത്ത്‌ഗേറ്റ്

53കാരനായ സൗത്ത് ഗേറ്റ് 102 മത്സരങ്ങളില്‍ ടീമിന്റെ പരിശീലകനായി. 61 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 17 എണ്ണം തോറ്റു.

Published

|

Last Updated

ലണ്ടന്‍ | യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ടിന്റെ പരിശീലക കുപ്പായമഴിച്ച് ഗാരത് സൗത്ത്‌ഗേറ്റ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സൗത്ത്‌ഗേറ്റ് പരിശീലിപ്പിച്ച ഇംഗ്ലണ്ട് ടീം കലാശക്കളിയില്‍ പരാജയപ്പെടുന്നത്.

2016ല്‍ ചുമതലയേറ്റെടുത്ത ഗാരത് സൗത്ത്‌ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ശക്തമായ സാന്നിധ്യമായി. 2018ല്‍ ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയതും 2021, 2024 യൂറോ കപ്പില്‍ റണ്ണേഴ്സപ്പായതുമുള്‍പ്പെടെ സൗത്ത് ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് ഒട്ടേറെ ശ്രദ്ധേയമായ വിജയങ്ങള്‍ നേടി. 53കാരനായ സൗത്ത് ഗേറ്റ് 102 മത്സരങ്ങളില്‍ ടീമിന്റെ പരിശീലകനായി. 61 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 17 എണ്ണം തോറ്റു. നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ട് 14 മത്സരങ്ങള്‍ ജയിച്ചു. ഇത് റെക്കോര്‍ഡ് ആണ്.

ഡിസംബര്‍ വരെ കരാറുണ്ടായിരുന്നുവെങ്കിലും 53കാരന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. 2021ലെ ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഞായറാഴ്ച സ്പെയിനിനെതിരായ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ടീം കീഴടങ്ങിയത്.

‘അഭിമാനിയായ ഒരു ഇംഗ്ലീഷുകാരനാണ് ഞാന്‍. ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനും ദേശീയ ടീമിനെ പരിശീലിപ്പിക്കാനും അവസരം ലഭിച്ചത് ജീവിതത്തില്‍ വലിയ ബഹുമതിയായി കാണുന്നു. എന്നെ സംബന്ധിച്ച് എല്ലാമായിരുന്നു ഇത്. സര്‍വവും ഞാനതിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ മാറ്റത്തിനുള്ള സമയമായതായി കരുതുന്നു. മാറ്റത്തിനും ഒരു പുതിയ അധ്യായത്തിനുമുള്ള സമയമാണിത്. സ്പെയിനിനെതിരായ ഫൈനല്‍ ഇംഗ്ലണ്ട് പരിശീലകനെന്ന നിലയില്‍ എന്റെ അവസാന മത്സരമായിരുന്നു- സൗത്ത് ഗേറ്റ് പറഞ്ഞു.

 

Latest