From the print
ഇൻഷ്വറൻസില്ലാത്ത കാലികൾ ചത്താൽ ഇനി ധനസഹായം
അടിയന്തര സഹായമായി 15,000 രൂപ
മലപ്പുറം | ഇൻഷ്വറൻസില്ലാത്ത കന്നുകാലികളുടെ ചാകൽ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ക്ഷീര വികസന വകുപ്പിൽ നിന്ന് ധനസഹായം നൽകാൻ അനുമതി. ക്ഷീര കർഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇത്.
ക്ഷീര കർഷകർക്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ നഷ്ടത്തിന് അടിയന്തര സഹായമായി 15,000 രൂപ നൽകും. സംസ്ഥാനത്ത് 650 ക്ഷീര കർഷകർക്കാണ് ഈ വർഷം സഹായം ലഭിക്കുക. ക്ഷീര വികസന വകുപ്പിന്റെ കണ്ടിജൻസി ഫണ്ടിൽ നിന്നാണ് ധന സഹായം നൽകുന്നത്. 97.50 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചത്. കലക്ടറുടെ സഹായം ലഭിക്കാത്ത പ്രകൃതിക്ഷോഭവും ആന്ത്രാക്സ്, പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങളും മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് സഹായം നൽകുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ചോ മറ്റ് രോഗങ്ങൾ മൂലമോ ചാകുന്ന ഇൻഷ്വറൻസ് ഇല്ലാത്ത പശുക്കളുടെ ഉടമക്ക് മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകൾ ധനസഹായം നൽകിയിരുന്നില്ല. ഇതുമൂലം ഒന്നോ രണ്ടോ പശുക്കളെ വളർത്തി ഉപജീവനം കഴിച്ചിരുന്ന കർഷകർ പ്രയാസത്തിലായിരുന്നു.
ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിക്ക് മലപ്പുറം കോഡൂർ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ഫാത്വിമ വട്ടോളി നിവേദനം നൽകിയിരുന്നു. കന്നുകാലികളുടെ രോഗങ്ങൾ കാരണം പലരും ഈ മേഖല വിട്ടുപോകുന്നുണ്ട്.