Kerala
ഇനി എച്ച് ഇല്ല ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം
വാഹനം പാര്‍ക്ക് ചെയ്യാനുള്ള പരിശോധനയും പുതിയ ടെസ്റ്റിന്റെ ഭാഗമാവും.
തിരുവന്തപുരം | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് അടിമുടി മാറാനൊരുങ്ങുന്നു. കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളുമായി പുതിയ രീതി മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ടെസ്റ്റില്‍ നിന്ന് എച്ച് ഒഴിവാക്കിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം. വാഹനം പാര്‍ക്ക് ചെയ്യാനുള്ള പരിശോധനയും പുതിയ ടെസ്റ്റിന്റെ ഭാഗമാവും.
ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവാന്‍ പാടില്ല. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.
ഓട്ടോമെറ്റിക് ഗിയറുള്ള വാഹനം ഇനി മുതല്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. ഇരുചക്രവാഹനത്തിലും കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണം. ഇരുചക്രവാഹനം 99 സി സി ക്ക് മുകളില്‍ ആവണമെന്നും ഹാന്‍ഡില്‍ ബാറില്‍ ഗിയറുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം.
പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 പുതിയ അപേക്ഷകരും നേരത്തെ പരാജയപ്പെട്ട 10 പേരെയും ഉള്‍പെടുത്തിയാണ് 30 എണ്ണമായി നിജപ്പെടുത്തിയത്. ഇതില്‍ കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും തീരുമാനമായി. ലേണേഴ്‌സ് ടെസ്റ്റും ഇത്തരത്തില്‍ ക്രമീകരിക്കും.