pineapple
പൈനാപ്പിൾ ഇലകളിൽ നിന്ന് ഇനി പ്ലേറ്റും ഗ്ലാസ്സുകളും
പദ്ധതിയുമായി വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനി

മൂവാറ്റുപുഴ | പൈനാപ്പിൾ ഇലകളിൽ നിന്ന് ഡിസ്‌പോസിബിൾ പ്ലേറ്റും ഗ്ലാസ്സുകളും നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. പൈനാപ്പിൾ കൃഷിക്ക് ശേഷം അവയുടെ ഇലകൾ സംസ്‌കരിച്ചാണ് പ്ലേറ്റും ഗ്ലാസ്സും നിർമിക്കുക. ഇതിന് ആവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വഴി വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനി പദ്ധതി തയ്യാറാക്കി സമർപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ കൃഷി വിജ്ഞാൻ യോജനയിൽ നിന്ന് ഇതിനായി ഇപ്പോൾ 2.55 കോടി രൂപ അനുവദിച്ചു. കന്നുകാലിക്ക് ആഹാരമായും ബാക്കി കത്തിച്ചും മണ്ണിൽ കുഴിച്ചിട്ടും ഒഴിവാക്കിയിരുന്ന പൈനാപ്പിൾ ഇലകളിൽ നിന്ന് നാരുകൾ വേർതിരിച്ചെടുക്കാമെന്നും ഇതുപയോഗിച്ച് വസ്ത്രങ്ങൾ നെയ്യാമെന്നുമുള്ള കണ്ടുപിടിത്തം കർഷകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും വൻ തുക ചെലവാകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നതിന് സർക്കാർ വിസമ്മതിച്ചിരുന്നു. എന്നാൽ, സമീപ കാലത്ത് കോയമ്പത്തൂരിൽ നിന്നുള്ള സംഘം വാഴക്കുളത്ത് എത്തി പൈനാപ്പിൾ ഇലകൾ വാങ്ങിക്കൊണ്ടുപോയിരുന്നു.
ഭംഗിയായി ഇല കെട്ടുകളാക്കി നൽകിയാൽ കിലോഗ്രാമിന് 15 രൂപ വരെ ഇവർ നൽകിയിരുന്നു. ഇലകളിൽ നിന്ന് ഡിസ്‌പോസിബിൾ പ്ലേറ്റുകളും ഗ്ലാസ്സുകളും നിർമിക്കുന്നതിന് വേണ്ടിയാണ് ഇലകൾ കയറ്റിക്കൊണ്ടുപോയിരുന്നതെന്നാണ് കർഷകർ പറയുന്നത്. സംസ്ഥാനത്ത് നടുക്കരയിൽ പ്രവർത്തിക്കുന്ന പൈനാപ്പിൾ കമ്പനിയിൽ തന്നെ പൈനാപ്പിൾ ഇലകൾ പ്രോസസ് ചെയ്ത് ഡിസ്‌പോസിബിൾ പ്ലേറ്റും ഗ്ലാസ്സും നിർമിക്കാൻ കഴിഞ്ഞാൽ പൈനാപ്പിൾ വിലയിടിവിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കർഷകർക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് പിന്നീട് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പൈനാപ്പിൾ കമ്പനിക്ക് ഉണർവ് പകരുന്ന രണ്ട് പദ്ധതികളുടെ ഉദ്ഘാടനം 14ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. ജാം നിർമാണ യൂനിറ്റ്, റീഫർ വാൻ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. പൈനാപ്പിൾ, മിക്‌സഡ് ഫ്രൂട്ട് ജാം ഇവിടെ നിർമിച്ച് വിപണിയിൽ എത്തിക്കും.