Editors Pick
ഗായകരേ നിങ്ങൾക്ക് പണിവരുന്നു!! സംഗീത സംവിധാനത്തിന് കിടിലൻ എഐ ടൂളുമായി ഗൂഗിൾ
സംഗീത സംവിധാനത്തിനുള്ള നിർദേശങ്ങൾ ടെക്സ്റ്റായി നൽകിയാൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ മനോഹരമായ സംഗീതം സൃഷ് ടിക്കുന്ന ടൂളാണ് ഗൂഗിൾ മ്യൂസിക് അവതരിപ്പിക്കുന്നത്.
സംഗീതം ആസ്വദിക്കുന്ന ഏതൊരാളും ആദ്യം ചിന്തിക്കുക ആ ഗാനം പാടിയ ആളെക്കുറിച്ചാകും. എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞ അർഥസംഭുഷ്ടമായ വരികൾ മനോഹരമായി പാടി പൊലിപ്പിക്കുന്ന പാട്ടുകാരനാണ് യഥാർഥത്തിൽ പാട്ടിലെ താരം. മനോഹരമായി പാടുവാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടുന്നതാണ്. എല്ലാവർക്കും അത് സാധ്യമാകില്ല. എന്നാൽ ഒരു പാട്ടുകാരന്റെ സഹായമില്ലാതെ ഗാനരചയിതാവിന് മനോഹരമായ ഒരു ഗാനം പുറത്തിറക്കാൻ സാധിച്ചാലോ? ഭാവിയിൽ ഭാവിയിൽ ഗായകർക്ക് വരെ ഭീഷണിയായേക്കാവുന്ന വലിയൊരു പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഗൂഗിൾ. സംഗീത സംവിധാനത്തിനുള്ള നിർദേശങ്ങൾ ടെക്സ്റ്റായി നൽകിയാൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ മനോഹരമായ സംഗീതം സൃഷ് ടിക്കുന്ന ടൂളാണ് ഗൂഗിൾ മ്യൂസിക് അവതരിപ്പിക്കുന്നത്.
ടെക്സ്റ്റ് വിവരണങ്ങളില്‍ നിന്ന് മികച്ച നിലവാരമുള്ള സംഗീതം സൃഷ്ടിക്കാൻ സാധിക്കുന്ന ‘മ്യൂസിക്എല്‍എം’ എന്ന ഈ ടൂളിന് സാധിക്കും. വയലിന്റെ നാദസ്വരവും ഗ്വിറ്റാറിന്റെ ശബ്ദവുമൊക്കെ ചേർത്ത് മനോഹരമായ ഒരു സംഗീതശിൽപം ലഭിക്കാൻ ഏതാനും ടെക്സ്റ്റ് ഇൻപുട്ടുകൾ നൽകിയാൽ മതിയെന്നതാണ് ഈ ടൂളിന്റെ പ്രത്യേകത. സംഗീത രംഗത്ത് ഭാവിയിൽ വരാനിരിക്കുന്ന എ ഐ വിപ്ലവത്തിന്റെ തുടക്കമായാണ് ടെക് വിദഗ്ധർ ഇതിനെ കാണുന്നത്.
ഉപയോക്താക്കള്‍ക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ടൂളാണ് മ്യൂസിക് എൽ എം. നിർദശങ്ങൾക്ക് അനുസരിച്ച് 24 കിലോ ഹെഡ്‌സ് ക്വാളിറ്റിയുള്ള സംഗീതം സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും. ടെക്‌സ്‌റ്റും നിലവിലുള്ള മെലഡിയും ഇൻപുട്ടായി സ്വീകരിക്കാൻ ടൂളിന് കഴിയും. ഒരു ടെക്‌സ്‌റ്റ് അടിക്കുറിപ്പിൽ വിവരിച്ചിരിക്കുന്ന അതേ ശൈലിയിൽ മ്യൂസിക് എൽഎം മെലഡികൾ രൂപാന്തരപ്പെടുത്തും. ലളിതമായ ടെക്സ്റ്റ് വിവരണങ്ങളിൽ നിന്ന് സങ്കീർണ്ണവും സൂക്ഷ്മവുമായ കോമ്പോസിഷനുകൾ സൃഷ്ടിക്കാനും മ്യൂസിക് എൽ എമ്മിന് കഴിയും.
ഏതാനും മിനുട്ടുകൾ ദൈർഘ്യമുള്ള ഗാനശകലം പോലും മികച്ച ഗുണനിലവാരത്തോടെ നൽകാൻ ഇതിന് സാധിക്കും. സിനിമകൾ, സീരീസ്, മറ്റ് മീഡിയ എന്നിവയ്‌ക്കായുള്ള സംഗീത സ്‌കോറിംഗിനായും ഈ ടൂൾ ഭാവിയിൽ ഉപയോഗിക്കാം. ഒരു പെയിന്റിംഗ് അടിക്കുറിപ്പിൽ ചിത്രീകരിച്ചിരിക്കുന്ന വികാരത്തെയും ശൈലിയെയും അടിസ്ഥാനമാക്കി മ്യൂസിക് എൽഎമ്മിന് സംഗീതമൊരുക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി മ്യൂസിക് എൽഎം ഉപയോഗിച്ച് നിർമിച്ച ഒരു മിനുട്ട് ദൈർഘ്യമുള്ള സംഗീതവും ഡവലപ്പർമാർ പുറത്തുവിട്ടിട്ടുണ്ട്.
ഓഡിയോ നിലവാരത്തിലും ടെക്സ്റ്റ് വിവരണത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാര്യത്തിലും മ്യൂസിക്എല്‍എം മുന്‍ സിസ്റ്റങ്ങളെ മറികടക്കുന്നതായാണ് പരീക്ഷണങ്ങള്‍ കാണിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കുടുതല്‍ പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്ന് ഗൂഗിൾ മ്യൂസിക് വൃത്തങ്ങൾ അറിയിച്ചു. വരും കാലങ്ങളില്‍ സംഗീതമാസ്വദിക്കണമെങ്കില്‍ വരികൾ എഴുതി നൽകിയാൽ മാത്രം മതിയാകുമെന്നതിലെക്കാണ് ഈ പരീക്ഷണങ്ങൾ വിരൽ ചൂണ്ടുന്നതെന്ന ചുരുക്കം.