Connect with us

National

ഇനിയില്ല വിസ്‌താര; അവസാന സർവീസ്‌ ഇന്ന്‌

രാത്രി 10.50 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക്‌ പുറപ്പെടുന്നതോടെ വിസ്‌താരയുടെ ആഭ്യന്തര സർവീസ്‌ അവസാനിക്കും

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയ്‌ക്ക്‌ ഏറ്റവും നല്ല വിമാനയാത്രകൾ സമ്മാനിച്ച വിസ്‌താര മറയുന്നു. എയർ ഇന്ത്യയുമായുള്ള ലയനത്തെ തുടർന്ന് വിസ്‌താരയുടെ അവസാന വിമാന സർവീസ് ഇന്നാണ്‌. രാത്രി 10.50 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക്‌ പുറപ്പെടുന്നതോടെ വിസ്‌താരയുടെ ആഭ്യന്തര സർവീസ്‌ അവസാനിക്കും. അതേസമയം അതിൻ്റെ അവസാന വിദേശയാത്ര ന്യൂഡൽഹിയിൽനിന്ന്‌ സിംഗപ്പൂരിലേക്കാണ്‌. യുകെ 115, എയർബസ് എ 321 നിയോ, ഇന്ന്‌ രാത്രി 11.45 ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതോടെ അവസാന വിദേശയാത്രയുമാകും.

വിസ്‌താരയുമായുള്ള യാത്രാ അനുഭവം നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വിസ്താരയെ ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനക്കമ്പനിയാണന്നും എയർ ഇന്ത്യയുമായുള്ള പ്രവർത്തനങ്ങളുടെ ഏകീകരണത്തിന് ആശംസകൾ നേരുന്നതായും യാത്രക്കാർ കുറിച്ചു.

ടാറ്റ ഗ്രൂപ്പിൻ്റെയും സിംഗപ്പുർ എയർലൈൻസിൻ്റെയും സംയുക്ത സംരംഭമായി 2013ലാണ് വിസ്‌താര രംഗത്തെത്തിയത്. ബുധനാഴ്‌ച മുതൽ വിസ്‌താര കമ്പനിയും സർവീസ്‌ റൂട്ടുകളും ജീവനക്കാരും എയർ ഇന്ത്യയുടെ ഭാഗമാകും. സെപ്തംബർ മൂന്ന്‌ മുതൽ വിസ്‌താരയിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതിന്ശേഷമുള്ള ബുക്കിങ്‌ എയർ ഇന്ത്യ വഴിയായിരുന്നു. നവംബർ 12ന്‌ ശേഷം വിസ്‌താരയിൽ ബുക്ക്‌ ചെയ്‌തിരുന്നവർക്ക്‌ എയർ ഇന്ത്യ ടിക്കറ്റ്‌ നൽകും.

വിസ്‌താരയിൽ 49 ശതമാനം ഓഹരിയുള്ള സിംഗപ്പുർ എയർലൈൻസിന്‌ വിപുലീകരിക്കപ്പെടുന്ന എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുണ്ടാകും. നേരിട്ടുള്ള വിദേശനിക്ഷേപം വഴി 2,000 കോടി രൂപയാണ്‌ കമ്പനി എയർഇന്ത്യയിൽ നിക്ഷേപിച്ചത്‌.

Latest