Connect with us

Alappuzha

കാന്തപുരത്തിന്റെ ഇടപെടലിൽ മോചനം; രമണന്‍ ജന്മനാടണഞ്ഞു

രമണന്‍ ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും ജോലിക്കാരിക്കും പരുക്കേറ്റു. ഇതോടെ രമണന്‍ ജയിലിലാവുകയായിരുന്നു. 2021 ഒക്ടോബറിൽ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബുബക്കര്‍ മുസ് ലിയാരെ സമീപിച്ച് സങ്കടമുണർത്തി.അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം ഖത്വര്‍ നാഷണൽ ഐ സി എഫ് വിഷയത്തിൽ ഇടപെട്ടതോടെ രമണന് മുമ്പിൽ വഴികൾ ഒന്നൊന്നായി തുറക്കപ്പെട്ടു. 

Published

|

Last Updated

ദോഹ/ആലപ്പുഴ | നിയമക്കുരുക്കുകൾ മൂലം നാടണയാനാകാതെ ഖത്വറിൽ  കുടുങ്ങിയ ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻ പുരയിൽ രമണൻ (70) ഐ.സി.എഫ് കരുതലിൽ നാടണഞ്ഞു. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ അദ്ദേഹം ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും  ജോലിക്കാരിക്കും പരുക്കേറ്റതുമായി ബന്ധപ്പെട്ട് ജയിലിലാവുകയായിരുന്നു.

ബന്ധുക്കൾ പലവാതിലുകൾ മുട്ടിയിട്ടും ഫലമുണ്ടായില്ല. അവസാനം 2021 ഒക്ടോബറിൽ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബുബക്കര്‍ മുസ് ലിയാരെ സമീപിച്ച് സങ്കടമുണർത്തി.അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം ഖത്വര്‍ നാഷണൽ ഐ സി എഫ് വിഷയത്തിൽ ഇടപെട്ടതോടെ രമണന് മുമ്പിൽ വഴികൾ ഒന്നൊന്നായി തുറക്കപ്പെട്ടു. കോടതി ചുമത്തിയ ഭീമമായ സംഖ്യ പിഴയും  ട്രാവൽ ബാനും  താങ്ങാവുന്നതിലപ്പുറമായിരുന്നു. നിരന്തര ഇടപെടലിലൂടെ കേസില്‍ നിന്ന് ഒഴിവായി, ട്രാവല്‍ ബാനും നീക്കം ചെയ്തു കിട്ടി.

രണ്ട് വർഷത്തോളമായി അദ്ദേഹം ഐ.സി.എഫ് സംരക്ഷണത്തിൽ കഴിയുകയായിരുന്നു. താമസം, ഭക്ഷണം,ചികിത്സ എല്ലാം സൗജന്യം. കുരുക്കുകൾ അഴിഞ്ഞതോടെ  ഐ.സി.എഫ്  രമണനെ നാട്ടിലേക്ക് യാത്രയാക്കി.

ഐ സി എഫ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് യോഗത്തിൽ നാഷണൽ പ്രസി.പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ്  ജന. സെക്രട്ടറി ബോബൻ വർഗീസ് രമണന് എയർ ടിക്കറ്റും യാത്രാ രേഖകളും കൈമാറി. ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്,ഐ സി എഫ് നേതാക്കളായ ബഷീർ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാൽ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ല ഹാജി ,അബ്ദുൽ അസീസ് സഖാഫി പാലോളി,  അഹ്‌മദ്‌ സഖാഫി പേരാമ്പ്ര,  നൗഷാദ് അതിരുമട, ഉമർ ഹാജി പുത്തൂപാടം, കരീം ഹാജി കാലടി,  ഉമർ കുണ്ടുതോട് , ഹസ്സൻ സഖാഫി അതവനാട് ഫഖ്റുദ്ദീൻ പെരുങ്ങോട്ടുകര പ്രസംഗിച്ചു.

ദുരിതക്കയത്തിൽ നിന്നും അപ്രതീക്ഷിതമായി കൈപ്പിടിച്ചുയർത്തിയ കാന്തപുരം ഉസ്താദിനോടും സി.എഫിനോടുമുള്ള കടപ്പാടുകൾ വാക്കുകൾക്കതീതമാണെന്നും നാട്ടിലെത്തിയാലുടനെ ഉസ്താദിനെ കണ്ട് കടപ്പാട് അറിയിക്കുമെന്നും രമണൻ പ്രതികരിച്ചു. വ്യാഴാഴ്ച കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ്സിന്  നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ബന്ധുക്കൾ സ്വീകരിച്ചു.എസ്.വൈ.എസ് നേതാക്കളായ ഹാഷിം വന്ദികപ്പള്ളി,അബ്ദുൽ കലാം വാലയിൽ, റഫീഖ് റഹ്മാൻ സഖാഫി,ഹാരിസ് നാച്യുറൽ,ഹാഷിം കരുവാറ്റ,മുഹമ്മദ് സ്വാലിഹ് എന്നിവർ സ്വദേശമായ കരുവാറ്റയിലെ വസതിയിലെത്തി രമണനെ സമാശ്വസിപ്പിച്ചു.

Latest