Organisation
കാത്തിരിപ്പിനു വിരാമം; കാന്തപുരത്തിന്റെ ഇടപെടലിൽ രമണന്‍ നാട്ടിലേക്ക്
രമണന്‍ ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും ജോലിക്കാരിക്കും പരുക്കേറ്റു. ഇതോടെ രമണന്‍ ജയിലിലാവുകയായിരുന്നു.
ദോഹ | ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം രമണന്‍ ഐ സി എഫിന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങുന്നു. ഖത്വറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന്‍ ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും ജോലിക്കാരിക്കും പരുക്കേറ്റു. ഇതോടെ രമണന്‍ ജയിലിലാവുകയായിരുന്നു.
രമണന്റെ മോചനത്തിനായി നാട്ടിലെ ബന്ധുക്കള്‍ പല വാതിലുകളും മുട്ടിനോക്കി. അവസാനം 2021 ഒക്ടോബര്‍ മാസം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ സമീപിക്കുകയും അദ്ദേഹം ഖത്വര്‍ ഐ സി എഫ് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്തു. ഐ സി എഫ് സാന്ത്വനം വകുപ്പ് രമണനെ കണ്ടെത്തി അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തു. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേസ് ഫോളോ ചെയ്തു.
ഭീമമായ സംഖ്യ പിഴയും ട്രാവല്‍ ബാനും വിധിക്കപ്പെട്ട രമണന്റെ സാഹചര്യം അത് വഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഐ സി എഫിന്റെ നിരന്തര ഇടപെടലിലൂടെ കേസില്‍ നിന്ന് ഒഴിവാവുകയും ട്രാവല്‍ ബാന്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു.
നാട്ടില്‍ പോവുന്ന രമണന് ഐ സി എഫ് ആസ്ഥാനത്ത് യാത്രയയപ്പു നല്‍കി. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു. ഒന്നര വര്‍ഷത്തോളം രമണന് താമസവും ഭക്ഷണവും ചികിത്സയും നിയമ സഹായവും നല്‍കി സംരക്ഷിച്ച ഐ സി എഫിനെ, ഐ സി സി, ഐ സി ബി എഫ് നേതാക്കള്‍ അഭിനന്ദിച്ചു.
രമണന് ഐ സി ബി എഫ് നല്‍കുന്ന എയര്‍ ടിക്കറ്റ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ഗീസ് കൈമാറി. ഐ സി എഫ് നാഷണല്‍ നേതാക്കളായ പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, ഡോ. ബഷീര്‍ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാല്‍ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ല ഹാജി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അഹ്മദ് സഖാഫി പേരാമ്പ്ര, നൗഷാദ് അതിരുമട, ഉമര്‍ ഹാജി പുത്തൂപാടം, കരീം ഹാജി കാലടി, ഉമര്‍ കുണ്ടുതോട്, ഹസ്സന്‍ സഖാഫി അതവനാട്, ഫക്രുദ്ധീന്‍ പെരുങ്ങോട്ടുകര പങ്കെടുത്തു.