Connect with us

National

ഉയര്‍ന്ന അപകടസാധ്യത വിഭാഗത്തില്‍പെടാത്ത കൊവിഡ് സമ്പര്‍ക്കങ്ങള്‍ പരിശോധിക്കേണ്ടതില്ല: ഐസിഎംആര്‍

രക്തസമ്മര്‍ദ്ദം, ശ്വാസകോശ, വൃക്ക രോഗങ്ങള്‍, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗണത്തില്‍ പെടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഉയര്‍ന്ന അപകടസാധ്യതയില്ലാത്ത ഗണത്തില്‍പെട്ടവരെ കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ പേരില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതില്ലെന്ന് ഐസിഎംആര്‍. രക്തസമ്മര്‍ദ്ദം, ശ്വാസകോശ, വൃക്ക രോഗങ്ങള്‍, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗണത്തില്‍ പെടുന്നത്. ഇവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.

ഇതുകൂടാതെ സമൂഹത്തില്‍ കഴിയുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആളുകള്‍, ഹോം ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ് ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികള്‍, പുതുക്കിയ ഡിസ്ചാര്‍ജ് പോളിസിയുടെ അടിസ്ഥാനത്തില്‍ കൊവിഡ് സെന്ററില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ആളുകള്‍, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ എന്നിവര്‍ക്കും കൊവിഡ് പരിശോധന ആവശ്യമില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ കാര്യത്തില്‍ കൊവിഡ് പരിശോധന നടത്തണോ വേണ്ടയോ എന്ന് ഡോക്ടര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ പരിശോധനയുടെ പേരില്‍ ശസ്ത്രക്രിയയോ പ്രസവമോ പോലുള്ള അടിയന്തര നടപടിക്രമങ്ങള്‍ ആശുപത്രികള്‍ വൈകിപ്പികരുതെന്ന് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. പരിശോധനാ സൗകര്യം ഇല്ലെന്ന കാരണത്താല്‍ ഒരു രോഗിയെയും മറ്റൊരു മെഡിക്കല്‍ സെന്ററിലേക്കും അയയ്ക്കരുത്. പരിശോധനാ സാമ്പിള്‍ ശേഖരിച്ച് പരിശോധനാ കേന്ദ്രത്തിലേക്ക് അയക്കുന്നതിന് പൂര്‍ണ്ണമായ ക്രമീകരണം ആശുപത്രികളില്‍ ഉണ്ടായിരിക്കണം.

ശസ്ത്രക്രിയയ്‌ക്കോ അല്ലെങ്കില്‍ ശസ്ത്രക്രിയേതര ആവശ്യങ്ങള്‍ക്കോ ആശുപത്രിയില്‍ എത്തുന്നവരെയോ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സ്ത്രീകളെയോ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധിക്കേണ്ടതില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികളെ ആഴ്ചയില്‍ ഒന്നിലധികം തവണ കൊറോണ പരിശോധന നടത്തരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

പനി, ചുമ, തൊണ്ടവേദന, രുചി അല്ലെങ്കില്‍ മണം നഷ്ടപെടല്‍, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കണം. ലാബ് ടെസ്റ്റിലൂടെ കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉയര്‍ന്ന അപകട സാധ്യതയുള്ള വിഭാഗത്തില്‍പെടുന്നവരെയും അന്താരാഷ്ട്ര യാത്രക്കാര്‍ (അപകടസാധ്യതയുള്ള രാജ്യങ്ങളെ ആശ്രയിച്ച്) എന്നിവരെയും പരിശോധനക്ക് വിധേയരാക്കണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു.

നിലവില്‍ കൊവിഡ് 19 സംശയിക്കുന്നവര്‍ക്ക് ഏതൊക്കെ പരിശോധനകള്‍ ലഭ്യമാണ് എന്നതിന്റെ പട്ടികയും ഐസിഎംആര്‍ നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആന്റിജന്‍, സിബിനാറ്റ്, ആര്‍ടി ലാംപ്, റാപ്പിഡ് മോളിക്യുലാര്‍ ടെസ്റ്റിംഗ് സിസ്റ്റം, വീട്ടില്‍വെച്ച് സ്വയം നടത്തുന്ന പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Latest