National
പരിഭ്രാന്തരാകേണ്ടതില്ല; യുപിയില്‍ കോവിഡ് സ്ഥിതി നിയന്ത്രണവിധേയമെന്ന് യോഗി ആദിത്യനാഥ്
കോവിഡ് ആശുപത്രികള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം
ലഖ്നൗ| സംസ്ഥാനത്ത് കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് ആശുപത്രികള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, കൊവിഡ് ഉപദേശക സമിതിയുമായും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവുമായും യോഗി ആദിത്യനാഥ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
സംസ്ഥാനത്ത് അടുത്ത മാസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പിലും അണുബാധ പടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തണമെന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സംരക്ഷണ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, സംസ്ഥാനത്ത് 1,791 സജീവ കോവിഡ് കേസുകളുണ്ടെന്നും ഏപ്രിലില്‍ ഇതുവരെ പോസിറ്റീവ് നിരക്ക് 0.65 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുത്ത്, എല്ലാ തലങ്ങളിലും നമ്മള്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ അലേര്‍ട്ട് മോഡില്‍ ആയിരിക്കണം. ലഖ്നൗ, ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, വാരാണസി, ആഗ്ര, മീററ്റ് ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രായമായവര്‍ പരമാവധി തിരക്കേറിയ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.