Connect with us

Kerala

പരിഭവമില്ല,തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുത്; ആസിഫ് അലി

സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പിന്തുണക്ക് വലിയ നന്ദിയുണ്ട്. പക്ഷെ രമേഷ് നാരായണനെകൊണ്ട് ക്ഷമ പറയിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ തനിക്ക് വിഷമമുണ്ട്

Published

|

Last Updated

കൊച്ചി | സംഗീതഞ്ജന്‍ രമേഷ് നാരായണന്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പരിഭവമില്ലെന്ന് നടന്‍ ആസിഫ് അലി. രമേഷ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവം വലിയ വിവാദമായതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നും രമേഷ് നാരായണന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഉണ്ടായ പ്രതികരണമായി മാത്രം അത് കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു.

അദ്ദേഹത്തിനെതിരായ ഒരു വിദ്വേഷ കാമ്പയിന്‍ നടക്കുന്നത് ശ്രദ്ധയിപ്പെട്ടു.അത് തുടര്‍ന്നുകൂടാ എന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ആ മൊമന്റില്‍ അദ്ദേഹത്തിനുണ്ടായ പ്രശ്‌നമാവാം അത്. അദ്ദേഹവുമായി ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചെന്നും ആസിഫ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പിന്തുണക്ക് വലിയ നന്ദിയുണ്ട്. പക്ഷെ രമേഷ് നാരായണനെകൊണ്ട് ക്ഷമ പറയിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ തനിക്ക് വിഷമമുണ്ട് .അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകും. താനും സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ്. എന്നാല്‍ എന്റെ പ്രശ്‌നങ്ങളും വിഷമങ്ങളും തന്റേത് മാത്രമാണെന്നും പരസ്യമായി ഒരിക്കലും അത് പ്രകടിപ്പിക്കാറില്ലെന്നും നടന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത്‌കൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും നടന്‍ വ്യക്തമാക്കി.

എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുന്നുണ്ട്. ഇതിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലി- രമേഷ് നാരായണ്‍ വിഷയം നടന്നത്. ആന്തോളജി ചിത്രത്തിലെ ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന പടത്തില്‍ രമേഷ് നാരായണ്‍ സംഗീതം ഒരുക്കുന്നുണ്ട്. രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേഷ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിച്ചു. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേഷ് നാരായണന്‍ തയ്യാറായതുമില്ല.സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആസിഫ് അലിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി.രമേഷ് നാരായണനെതിരെ വ്യാപക പ്രതിഷേധവും ഉണ്ടായി.സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിവരധിപേരാണ് വിഷയത്തില്‍ പ്രതികരിച്ചത്.

Latest